ജറുസലം : ഒക്‌ടോബർ 7ന് ആരംഭിച്ച സംഘർഷത്തിനുശേഷം ഗാസ മുനമ്പിലെ 5,000 ത്തോളം ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ. പലസ്തീനിലെ സാധാരണക്കാർക്കെതിരായ അപകടങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മറ്റു ‘വലിയ എണ്ണം’ ആക്രമണങ്ങൾ ഒഴിവാക്കിയതായും മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒഴിവാക്കിയവയുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ഒക്‌ടോബർ 7ലെ നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ, മാസങ്ങളോ വർഷങ്ങളോ എടുത്താലും ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഇസ്രായേൽ തീരുമാനിച്ചതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഗാസയിലെ ബോംബാക്രമണത്തിൽ ഇതുവരെ 3,000 ഓളം പലസ്തീൻകാർ കൊല്ലപ്പെട്ടു.
അതിനിടെ, ഗാസയിൽ ഇസ്രായൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ് സായുധ വിഭാഗം അറിയിച്ചു. ഇസ് എൽ-ദീൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ ഉന്നത സൈനിക കൗൺസിൽ അംഗമായ അയ്മാൻ നോഫൽ ആണ് കൊല്ലപ്പെട്ടത്. സെൻട്രൽ ഗാസ മേഖലയുടെ ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമാണ്.