അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍

ടെല്‍അവീവ്: അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍. യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കിയ അമേരിക്ക പോലും ഇസ്രയേലിന്റെ യുദ്ധനീതിയെ വിമര്‍ശിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. യുദ്ധം ആരംഭിച്ച് മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഗാസയില്‍ കനത്ത ആള്‍നാശമാണ് സംഭവിച്ചിരിക്കുന്നത്. ആശുപത്രികള്‍ പോലും ആക്രമിക്കുന്ന ഇസ്രയേല്‍ നിലപാട് ലോകവ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഹമാസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നതനുസരിച്ച് 18,600ലേറെ ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. വീടുകളും സ്‌കൂളുകളും റോഡുകളും ഉള്‍പ്പെടെ തകര്‍ത്തതിലൂടെ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഗാസയില്‍ സംഭവിച്ചിരിക്കുന്നത്.

ഗാസക്കാര്‍ക്ക് സമയവും സാധ്യതകളും തീര്‍ന്നുവെന്ന് പലസ്തീനിയന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ തലവന്‍ ഫിലിപ്പ് ലസാരിനി പറഞ്ഞതോടെയാണ് യുഎന്നില്‍ വോട്ടെടുപ്പ് നടന്നത്. ഗാസയിലെ 2.4 ദശലക്ഷം ആളുകളില്‍ 1.9 ദശലക്ഷം ആളുകള്‍ പലായനം ചെയ്തുവെന്നും പ്രതിദിനം 100 സഹായ ട്രക്കുകളില്‍ നിന്ന് മാത്രമാണ് സാധനങ്ങള്‍ ലഭിക്കുന്നതെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഗാസയിലെ ആശുപത്രി സംവിധാനം തകര്‍ന്ന നിലയിലാണെന്നും കുട്ടികള്‍ക്കുള്ള വാക്‌സിനുകള്‍ തീര്‍ന്നുവെന്നും ഹമാസ് അധികൃതര്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ സമാനതകളില്ലാത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഗാസയിലെ റോഡുകളുടെ പകുതിയോളവും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങളുടെയും 60 ശതമാനവും തകരുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു. ആകെയുള്ള 193 രാജ്യങ്ങളില്‍ 153 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു. നേരത്തെ റഷ്യന്‍-യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തെ 140 രാജ്യങ്ങളാണ് പിന്തുണച്ചത്. അമേരിക്ക പ്രമേയത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അമേരിക്കന്‍ സഖ്യത്തിലുള്ള ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ‘ഗാസയില്‍ സാധാരണക്കാര്‍ക്ക് സുരക്ഷിതമായ ഇടം കുറയുന്നതില്‍ തങ്ങള്‍ ആശങ്കാകുലരാണ്’, എന്ന സംയുക്ത പ്രസ്താവനയും ഇവര്‍ നടത്തി.

 

Top