ന്യൂയോര്‍ക്ക്: പലസ്തീനിലെ ഗാസ അതിര്‍ത്തിയില്‍ നിരായുധരായ വിമോചന സമരക്കാര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ക്രൂരമായ കൂട്ടക്കൊലയ്ക്കും ആക്രമണത്തിനുമെതിരെ യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന് 120 രാജ്യങ്ങളുടെ പിന്തുണ. ആക്രമണങ്ങള്‍ക്ക് ഹമാസിനെ കുറ്റപ്പെടുത്താനുള്ള യു.എസ് നീക്കത്തെ രാജ്യങ്ങള്‍ തള്ളുകയും ചെയ്തു. 193 അംഗ യു.എന്‍ സഭയില്‍ ആക്രമണങ്ങളെ ശക്തമായ അപലപിച്ച് 120 രാജ്യങ്ങള്‍ വോട്ടു ചെയ്തപ്പോള്‍ 45 രാജ്യങ്ങള്‍ വിട്ടു നിന്നു.
എട്ടു രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് ഇസ്രായേലിന് അനുകൂലമായി വോട്ടു ചെയ്തത്. അറബ്, മുസ്ലിം രാജ്യങ്ങള്‍ക്കു വേണ്ടി അള്‍ജീരിയയും തുര്‍ക്കിയുമാണ് പ്രമേയം കൊണ്ടുവന്നത്. ഈ പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ചപ്പോള്‍ യുഎസ് വീറ്റോ ചെയ്തു തടഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രമേയം അറബ് രാഷ്ട്രങ്ങള്‍ പൊതു സഭയില്‍ അവതരിപ്പിച്ചത്.
സാധാരണക്കാരായ പലസ്തീനികള്‍ക്കു നേരെ ഇസ്രായില്‍ വന്‍തോതില്‍ നടത്തിയ ആക്രമണത്തെ പ്രമേയം ശക്തമായി അപലപിച്ചു. ഗസയില്‍ സംഘര്‍ഷം ഇളക്കിവിട്ടത് ഹമാസാണെന്നാരോപിച്ച് ഇതിനെ അപലപിച്ച് യു.എസ് അവതരിപ്പിച്ച പ്രമേയം മൂന്നിലൊന്ന് വോട്ടു നേടാനാകാതെ തള്ളപ്പെട്ടു. യു.എന്‍ പൊതുസഭയില്‍ പാസാകുന്ന പ്രമേയങ്ങള്‍ നടപ്പിലാക്കണമെന്ന നിബന്ധന ഇല്ലെങ്കിലും ഇതു വീറ്റോ ചെയ്യാനാവില്ല.
ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും പലസ്തീനികളുടെ സംരക്ഷണത്തിന് ഒരു അന്താരാഷ്ട്ര സംവിധാനം കൊണ്ടുവരുന്നതിന് നടപടിയെടുക്കാന്‍ പ്രമേയം യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെ ചുമതലപ്പെടുത്തി. യു.എന്‍ നിരീക്ഷണ മിഷന്‍ സ്ഥാപിക്കുന്നതും യു.എന്‍ സമാധാന സേനയെ വിന്യസിക്കുന്നതുമടക്കമുള്ള വിഷയങ്ങള്‍ ഇതിലുള്‍പ്പെടും.
ഹമാസിനെ കുറ്റപ്പെടുത്തുന്ന യു.എസ് പ്രതികരണം വെറും തട്ടിപ്പുവേല മാത്രമാണെന്നും മറ്റു രാജ്യങ്ങള്‍ ഈ തട്ടിപ്പില്‍ കുടുങ്ങരുതെന്നും യു.എന്നിലെ പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ തുറന്നടിച്ചു. ലളിതമായ ആവശ്യങ്ങളേ ഉന്നയിക്കുന്നൂള്ളൂവെന്നും പലസ്തീനിലെ സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.