ബത്‌ലഹേം: പലസ്തീന്‍ ജനതയുടെ ആവേശമാണ് ഇന്ന് അഹൈദ് തമീമിയെന്ന പതിനാറുകാരി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമീമിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇസ്രയേലിയിലെ ബത്‌ലഹേമില്‍ ഉള്‍പ്പെടുന്ന വെസ്റ്റ് ബങ്കിലാണ് സംഭവം.
ഇസ്രയേലി സൈനികരെ തല്ലുകയും തൊഴിക്കുകയും, ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ ആണ് വൈറലായി മാറിയത്. സംഭവത്തെ തുടര്‍ന്ന് സൈന്യം തമീമിയെ അറസ്റ്റു ചെയ്യുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. അതേസമയം, തമീമി ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഇക്കാര്യം കൊണ്ടല്ല, കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ്.
വിചാരണക്കിടെ ജഡ്ജി തമീമിയോട് ചോദിച്ചു, എങ്ങനെയാണ് നീ ഞങ്ങളുടെ സൈനികരെ അടിച്ചതെന്ന്. ഒട്ടും കൂസലില്ലാതെ അവള്‍ മറുപടി പറഞ്ഞു’ വിലങ്ങ് അഴിക്കൂ ഞാന്‍ കാണിച്ചുതരാമെന്ന്’. തമീമിയുടെ മറുപടി ഏവരേയും അത്ഭുതപ്പെടുത്തുകയായിരുന്നു. ജയില്‍ ശിക്ഷ ഉറപ്പായിട്ടും ജഡ്ജിയോട് പറഞ്ഞ മറുപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്.
പലസ്തീന്‍ ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും നേര്‍മുഖമായി ഇപ്പോള്‍ മാറിയിരിക്കുകയാണ് തമിമി. പാലസ്തീന്‍ പ്രക്ഷോഭകരുടെ പ്രകോപനങ്ങളില്‍ തമീമിയെ അവളുടെ കുടുംബം പണയം വക്കുകയാണെന്നാണ് ഇസ്രയേലി അധികൃതരുടെ വാദം.
തമീമിയുടെ കുടുംബത്തിനെതിരേയും ഇസ്രയേല്‍ സേന കുറ്റം ചാര്‍ത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള അഞ്ച് കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ജനുവരി എട്ട് വരെ ഇവരെ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ഉത്തരവിട്ടു.
തമീമിയുടെ വീടിന് സമീപത്ത് നടന്ന സംഭവമാണ് അറസ്റ്റ് ചെയ്യാന്‍ ഇസ്രയേലി സേനയെ പ്രേരിപ്പിച്ചത്. അവിടം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടാണ് തമീമിയും സഹോദരിയും ഇസ്രയേലി സൈനികരുടെ അടുത്തെത്തിയത്. അവര്‍ പരിഹസിച്ചതോടെയാണ് തമീമി പ്രകോപിതയായതും ഉപദ്രവിച്ചതും. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിയത്.