ജെറുസലേം: ഇസ്രായേല്‍ ജൂതന്മാര്‍ക്ക് മാത്രം സ്വന്തമാണെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ ജൂതന്മാരുടേത് മാത്രമാണ്, മറ്റു പൗരന്മാരുടേതല്ല, എന്നാല്‍ അറബുകള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും രാജ്യത്ത് തുല്യ അവകാശങ്ങളാണുള്ളത് എന്നും നെതന്യാഹു പറയുന്നു.
ഇന്‍സ്റ്റഗ്രാമിലാണ് നെതന്യാഹു ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. രാജ്യത്തെ പാലസ്തീനികളെയാണ് പുതിയ പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രി ഉന്നം വെക്കുന്നത്.
നെതന്യാഹുവിനെതിരെ ഇസ്രായേല്‍ നടന്‍ റോട്ടം സേല പോസ്റ്റ് ചെയ്ത വിമര്‍ശനക്കുറിപ്പിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പാസാക്കിയ അടിസ്ഥാന പൗരത്വ നിയമത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ഈ രാജ്യം എല്ലാവരുടേതുമാണെന്ന് എപ്പോഴാണ് സര്‍ക്കാര്‍ പറയുക എന്നായിരുന്നു നടന്‍ റോട്ടം സേലയുടെ പോസ്റ്റ്. എല്ലാവരും തുല്യരായാണ് ജനിച്ചതെന്നും അറബുകളും മനുഷ്യരാണെന്നും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്. ഈ പോസ്റ്റിനാണ് നെതന്യാഹു മറുപടിയുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി പ്രതികരിച്ചതോടെ ഇത് രാജ്യത്ത് ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു.