വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ നടന്ന ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച അര്‍ധരാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. ഇതിനിടെ വെസ്റ്റ് ബാങ്കിലെ പ്രധാന ആശുപത്രികളിലൊന്നായ ഇബ്‌നു സീന ആശുപത്രിയില്‍ കടന്നുകയറിയ ഇസ്രായേല്‍ സേന അവിടെയുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ രോഗികളെ വിട്ടുപോകാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകരെ ഇസ്രായേല്‍ സേന പിടിച്ചുകൊണ്ടുപോയി. ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനയും നടത്തി.
നാല് ആശുപത്രികള്‍ ഇസ്രായേല്‍ സേന വളഞ്ഞിരിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവര്‍ക്ക് അടിയന്തര സേവനങ്ങള്‍ എത്തിക്കുന്നത് ഇസ്രായേല്‍ സൈന്യം തടയുകയാണെന്നും ഇത് കൂടുതല്‍ ജീവന്‍ അപകടത്തിലാക്കുമെന്നും ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വഫ’ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് 80ഓളം സൈനിക വാഹനങ്ങള്‍ ജെനിന്‍ നഗരത്തിലെത്തിയത്. ഇവര്‍ ഫലസ്തീനികളുടെ വീടുകളില്‍ തിരച്ചില്‍ നടത്തുകയും നിരവധി പേരെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. ബുള്‍ഡോസറുമായി എത്തിയ ഇസ്രായേല്‍ സൈന്യം റോഡുകളും വാഹനങ്ങളുമെല്ലാം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.