റാഫ ക്രോസിങ്ങ് ഇസ്രയേല്‍ തുറന്നു

നീണ്ട സമ്മര്‍ദത്തിനൊടുവില്‍ ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റാഫ ക്രോസിങ്ങ് ഇസ്രയേല്‍ തുറന്നു. റാഫ ക്രോസിങ്ങിലൂടെ സഹായങ്ങളുമായി എത്തിച്ചേര്‍ന്നിട്ടുള്ള ട്രക്കുകള്‍ പലസ്തീനിലേക്ക് പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ് ക്രെസന്റിന്റെ ട്രക്കുകളാണ് ഗാസയിലേക്ക് പ്രവേശിച്ചത്. ഈജിപ്ഷ്യന്‍ വാര്‍ത്താ മാധ്യമങ്ങളും ഗാസാ മുനമ്പിലേക്ക് ട്രക്കുകള്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രണ്ടാഴ്ച പിന്നിടുമ്പോഴും ഗാസയെ ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാതെ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് റാഫ കവാടം തുറക്കാന്‍ ഇസ്രയേല്‍ തയാറായത്. ഐക്യരാഷ്ട്ര സഭയുടെയും അമേരിക്കയുടെയും നിര്‍ദേശമുണ്ടായിട്ടും വെള്ളിയാഴ്ചയും ഗാസയിലെ അതിര്‍ത്തി ഇസ്രയേല്‍ തുറന്ന് കൊടുക്കാന്‍ തയ്യാറാകാത്തതിലും പ്രതിഷേധം ശക്തമായിരുന്നു.

റാഫ ക്രോസിങ്ങ് തുറന്നിരിക്കുന്നുവെന്നും പലസ്തീനികളുടെ പുറത്ത് കടക്കല്‍ തടസപ്പെടുത്തുന്നത് ഈജിപ്തല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇതുവരെയുള്ള സംഘര്‍ഷത്തില്‍ 4,173 പലസ്തീനികളും 1400 ഇസ്രയേലികളും കൊല്ലപ്പെട്ടു.ഇസ്രയേലും ഈജിപ്തും അമേരിക്കയും ചേര്‍ന്ന് തയ്യാറാക്കിയ കരാര്‍ പ്രകാരമാണ് സഹായവുമായെത്തിയ 20 ട്രക്കുകള്‍ കടക്കാനുള്ള അനുമതിയാണ് നല്‍കിയത്.

 

 

Top