ഇസ്രയേല്‍ വെസ്റ്റ്ബാങ്കില്‍ നടത്തിയ റെയ്ഡുകളില്‍ 50 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തതായി പലസ്തീന്‍ പ്രിസണ്‍ സൊസൈറ്റി അറിയിച്ചു. അതേസമയം, എന്തിനാണ് ഇവര്‍ അറസ്റ്റിലായതെന്നതിനെക്കുറിച്ച് പലസ്തീന്‍ പ്രിസണ്‍ സൊസൈറ്റി വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ പകുതിക്ക് ശേഷം ഇസ്രയേലിലും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും അറബ് പട്ടണങ്ങളിലുമായി 1,800 ല്‍ അധികം പലസ്തീനികളെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തതായി എന്‍ജിഒ അറിയിച്ചു. കുടിയേറ്റ സംഘങ്ങള്‍ക്ക് അനുകൂലമായി 12 പലസ്തീന്‍ കുടുംബങ്ങളെ ജറുസലേമിലെ ഷെയ്ഖ് ജര്‍റാഹ് പരിസരത്തുള്ള വീടുകളില്‍ നിന്ന് പുറത്താക്കാനുള്ള ഇസ്രയേല്‍ കോടതി വിധിയെതുടര്‍ന്നാണ് വെസ്റ്റ്ബാങ്കില്‍ സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് സംഘര്‍ഷം ഗസ മുനമ്പിലേക്ക് പടരുകയായിരുന്നു. മെയ് 10 മുതല്‍ ഗസയില്‍ സയണിസ്റ്റ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 69 കുട്ടികളും 40 സ്ത്രീകളും ഉള്‍പ്പെടെ 279 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. 1,910 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗസ മുനമ്പില്‍ നിന്ന് പലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങളുടെ തിരിച്ചടിയില്‍ 12 ഇസ്രയേലികളും കൊല്ലപ്പെട്ടു.ഈജിപ്ഷ്യന്‍ മധ്യസ്ഥതയില്‍ വെള്ളിയാഴ്ചയാണ് ഇരുവിഭാഗവും വെടിനിര്‍ത്തലിന് സമ്മതിച്ചത്.