ഇനി ചെറിയ കളിയല്ല; 11 കോടി രൂപയുടെ മാസ്‌ക് ഇറക്കി ഇസ്രായേല്‍

ഇസ്രായേല്‍: കോവിഡ് കാരണം ലോകം തന്നെ സ്തബ്ധിച്ചെങ്കിലും ലോകത്ത് പല കാര്യങ്ങളിലും ചിട്ടകളും പുതുമകളും കൊണ്ടു വരുന്നതില്‍, കോവിഡ് ഒരു പ്രധാന പങ്ക് വഹിച്ചുവെന്നതില്‍ സംശയമില്ലാത്തതാണ്. മാസ്‌ക്ക് വെയ്ക്കുകയെന്നത് ഭൂരിപക്ഷം പേര്‍ക്കും ഒരു പുതിയ കാര്യമായിരുന്നു. പക്ഷേ, ഇന്നത് സാധാരണമായപ്പോള്‍ പല വിലകളിലും പല ഡിസൈനുകളിലും പല സൈസുകളിലുമായി പലതരം മാസ്‌കുകള്‍ ആളുകളെ ലക്ഷ്യം വെച്ച് വിപണിയിലിറങ്ങി. മാസ്‌കുകളില്‍ കൗതുകമുണ്ടാക്കുന്നതും ആളുകള്‍ ആകാംക്ഷയോടെയാണ് കാണുന്നത്.

ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും വിലകൂടിയ കൊവിഡ്-19 ഫെയ്‌സ് മാസ്‌ക് പുറത്തിറക്കിയിരിക്കുകയാണ് ഇസ്രായേല്‍. ഇസ്രായേലിലെ ആഡംബര ജ്വല്ലറി ബ്രാന്‍ഡായ യെവലാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയ മാസ്‌ക് ഇറക്കിയിരിക്കുന്നത്. മാസ്‌ക്കില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള 3,608 വജ്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്. വജ്രങ്ങള്‍ പതിപ്പിച്ച ഈ മാസ്‌ക്കിന്റെ വിലയെത്രയെന്ന് അറിയണ്ടേ? 1.5 മില്യണ്‍ ഡോളര്‍ അതായത്, 11 കോടി രൂപ. ആകെ 250 ഗ്രാം ആണ് മാസ്‌കിന്റെ ഭാരം. ഇത് സാധാരണ ശസ്ത്രക്രിയ മാസ്‌കിനേക്കാള്‍ 100 ഇരട്ടി ഭാരം വരും.

ഓഗസ്റ്റില്‍ നിര്‍മ്മാണം ആരംഭിച്ച ഡിസ്‌പോസിബിള്‍ എന്‍ -99 മാസ്‌ക് അകത്തേക്ക് കടത്തുന്നതിനായി പ്രത്യേകം സ്ലോട്ട് ഉപയോഗിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 25 കരകൗശലത്തൊഴിലാളികളാണ് മാസ്‌ക് നിര്‍മ്മാണത്തിന് പിന്നില്‍. മുഖത്ത് ധരിക്കാന്‍ സാധിക്കുന്നതും ഭാരക്കുറവുള്ളതുമായ മാസ്‌ക് തയ്യാറാക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്ന് യെവല്‍ കമ്പനിയുടെ ഉടമയും പ്രശസ്ത ഡിസൈനറുമായ ഐസക് ലെവി പറഞ്ഞു. ടീമിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ വെല്ലുവിളി മറികടക്കാന്‍ സഹായകമായതെന്നും ഐസക് ലെവി കൂട്ടിച്ചേര്‍ത്തു.

ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള ചൈനീസ് ബിസിനസുകാരനാണ് മാസ്‌ക്കിന് ഓര്‍ഡര്‍ നല്‍കിയത്. ഐഡന്റിന്റി വെളിപ്പെടുത്തരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുള്ളതിനാല്‍ കമ്പനി അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടെ യുഎസിലെയും ഇസ്രായേലിലെയും 150 ജീവനക്കാരെ പിന്തുണയ്ക്കാന്‍ ഈ അവസരം വിനിയോഗിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top