ഗാസ സിറ്റി: ഗാസയിലെ നഴ്സറി സ്‌കൂളുകളില്‍ ഹമാസ് ആയുധങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് ഇസ്രയേല്‍. റോക്കറ്റ് ലോഞ്ചറുകള്‍, മോട്ടര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ വീഡിയോ ഇസ്രയേല്‍ പ്രതിരോധസേന പുറത്തുവിട്ടു. സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഹമാസ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഇസ്രയേല്‍ ആരോപിക്കുന്നതിനിടെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഇസ്രയേല്‍ വ്യോമസേനയുടെ ഷാല്‍ഡഗ് യൂണിറ്റും സൈന്യത്തിന്റെ ഏഴാം ബ്രിഗേഡുമാണ് അല്‍ശിഫയിലെ സൈനികനടപടിക്ക് നേതൃത്വംനല്‍കുന്നത്. ആശുപത്രിയിലെ സുരക്ഷാക്യാമറകളും മറ്റുനിരീക്ഷണ സംവിധാനങ്ങളും തകര്‍ത്തനിലയിലാണെന്നും ഇത് ഹമാസ് ആശുപത്രികള്‍ തന്ത്രപരമായി ഉപയോഗിച്ചതിന് തെളിവാണെന്ന് സൈനികവക്താവ് ജൊനാഥന്‍ കോര്‍ണിക്കസ് പറഞ്ഞു. നിലവില്‍ ഖത്തറില്‍ കഴിയുന്ന ഹമാസിന്റെ രാഷ്ട്രീയവിഭാഗം നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ ഗാസാമുമ്പിലെ വീട് വ്യോമാക്രമണത്തിലൂടെ തകര്‍ത്തെന്നും അവകാശപ്പെട്ടു. ഐ.ഡി.എഫ്. ഓപറേഷനിടെ ഗാസയിലെ ചെറിയ കുട്ടികള്‍ പഠിക്കുന്ന കിന്‍ഡര്‍ഗാര്‍ട്ടന്‍ സ്‌കൂളുകളിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഐ.ഡി.എഫ്. എക്സില്‍ പുറത്തുവിട്ടു. സ്‌കൂളിന്റെ ഉള്ളറയിലെ ഇടുങ്ങിയ ഒരു മൂലയില്‍ മോട്ടര്‍ ഷെല്ലുകള്‍ അടുക്കിവെച്ചിരിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഐ.ഡി.എഫ്. പുറത്തുവിട്ട മറ്റൊരു പോസ്റ്റില്‍ സ്‌കൂളില്‍നിന്ന് പിടിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകളുടെയും വെടിക്കോപ്പുകളുടെയും ചിത്രങ്ങളുമുണ്ട്.
ഹമാസിന്റെ പാര്‍ലമെന്റ് കെട്ടിടം, സുപ്രധാന ഓഫീസുകള്‍, പോലീസ് ആസ്ഥാനം, തുറമുഖം എന്നിവയും നേരത്തേ തകര്‍ത്തിരുന്നു. ഇതിനിടെ, വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി അവരുടെ തെക്കന്‍ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ പോര്‍വിമാനങ്ങളുപയോഗിച്ച് തകര്‍ത്തെന്ന് സൈന്യം അവകാശപ്പെട്ടു. ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികരുടെ എണ്ണം 51 ആയി.