ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞതായി ഇസ്രയേല്‍

കൊവിഡ് 19നെതിരെയുള്ള ഫൈസര്‍ വാക്സിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞതായി ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം. മെയ് 2 നും ജൂണ്‍ 5 നും ഇടയിലുള്ള കാലയളവില്‍ ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി 94.3 ശതമാനമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മുന്‍പത്തേ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എന്നിരുന്നാലും, ആശുപത്രിയില്‍ കൊവിഡ് രോഗികളെ പ്രവേശിക്കുന്നതിലും കഠിനമായ കൊറോണ വൈറസ് രോഗം തടയുന്നതില്‍ വാക്‌സിനുകളുടെ ഫലപ്രാപ്തി നിലവില്‍ ഇസ്രായേലില്‍ 93 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇസ്രയേലില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഫൈസറിന്റെ ഫലപ്രാപ്തി കുറയുന്നതായി കണ്ടെത്തിയിരിക്കുന്നത്.

രോഗപ്രതിരോധശേഷിയുള്ളവര്‍ക്ക് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുന്നത് ആരോഗ്യ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ രാജ്യത്ത് മുഴുവന്‍ ജനങ്ങള്‍ക്കും മൂന്നാമത്തെ ഡോസ് നല്‍കാനുള്ള തീരുമാനമായിട്ടില്ല. 2020 ഡിസംബര്‍ 20 നാണ് ഇസ്രായേലില്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്.

 

Top