സ്റ്റാര്‍ലിങ്ക് സേവനം ആശ്രയിക്കാനൊരുങ്ങി ഇസ്രയേല്‍; സ്പേസ് എക്സുമായി ചര്‍ച്ച നടത്തും

ജറുസലേം: ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടെ സഹായമില്ലാതെ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഭൂമിയിലെവിടെയും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന സേവനമാണ് സ്റ്റാര്‍ലിങ്ക്. യുദ്ധബാധിത മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യമെത്തിക്കുന്നതിനായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തെ ആശ്രയിക്കാനുള്ള നീക്കവുമായി ഇസ്രയേല്‍ സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സുമായി ഇസ്രയേല്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം. ഇസ്രയേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്ലോമോ കാര്‍ഹി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ റഷ്യയില്‍ നിന്ന് ആക്രമണം നേരിട്ട യുക്രൈനിലും സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം എത്തിച്ചിരുന്നു. ഇസ്രയേലില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാന്‍ സാധിക്കുന്നതിനൊപ്പം സംഘര്‍ഷബാധിത മേഖലിലെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും, മേയര്‍മാര്‍ക്കുമെല്ലാം ഉപകരിക്കുമെന്നും കാര്‍ഹി പറഞ്ഞു. നിലവില്‍ സ്റ്റാര്‍ലിങ്ക് സേവനം ഇസ്രയേലില്‍ ലഭ്യമല്ല.

യുദ്ധം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ തടസമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കുമെന്നതാണ് വലിയ നേട്ടം. മിസൈല്‍ ആക്രമണങ്ങളും മറ്റും നിരന്തരം നടക്കുന്ന മേഖലയില്‍ പരമ്പരാഗത കണക്റ്റിവിറ്റി സംവിധാനങ്ങള്‍ തകരാറിലാവാന്‍ സാധ്യതയേറെയാണ്. ചെറിയ കുറച്ച് ഉപകരണങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാനും സാധിക്കും. ഇത് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ചെയ്യാം. എന്നാല്‍ ഇസ്രയേലിന്റെ ആവശ്യത്തിന് സ്പേസ് എക്സ് വഴങ്ങുമോ എന്ന് വ്യക്തമല്ല.

നേരത്തെ യുക്രൈന്‍ സമാനമായ ആവശ്യം ഉന്നയിച്ചപ്പോള്‍ തുടക്കത്തില്‍ മസ്‌ക് എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് കമ്പനി ആവശ്യമായ സ്റ്റാര്‍ ലിങ്ക് ഉപകരണങ്ങള്‍ യുക്രൈനില്‍ എത്തിച്ചു. യുഎസ് ഭരണകൂടത്തിന്റെ പിന്തുണ യുക്രൈന് ഉണ്ടായിരുന്നു. ഇസ്രയേല്‍- ഹമാസ് പോരാട്ടത്തില്‍ ഇസ്രയേലിന്റെ പക്ഷത്താണ് യുഎസ്. അവര്‍ക്ക് ആവശ്യമായ സഹായങ്ങളും നല്‍കിവരുന്നുണ്ട്.

Top