ജറുസലം: വെടിനിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, റഫാ എന്നീ നഗരങ്ങളിലെ 8 പാര്‍പ്പിടകേന്ദ്രങ്ങളില്‍ ഇന്നലെ രാവിലെ ഇസ്രയേല്‍ നടത്തിയ കനത്ത ബോംബാക്രമണങ്ങളില്‍ 178 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 589 പേര്‍ക്കു പരുക്കേറ്റു.
വടക്കന്‍ ഗാസയില്‍നിന്നു വീടുവിട്ടോടിയ ആയിരങ്ങള്‍ അഭയം തേടിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം. വടക്കന്‍, മധ്യ ഗാസയിലെ ഒട്ടേറെ വീടുകളും ബോംബിട്ടുതകര്‍ത്തു. ഖാന്‍യൂനിസിന്റെ കിഴക്കന്‍ മേഖലയിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ നോട്ടിസുകള്‍ വിതറി. ഇതോടെ പടിഞ്ഞാറന്‍ മേഖലയിലേക്കു ജനങ്ങള്‍ കാല്‍നടയായി വീണ്ടും പലായനം തുടങ്ങി.
നവംബര്‍ 24 ന് ആരംഭിച്ച വെടിനിര്‍ത്തല്‍ ഇന്നലെ രാവിലെ 7നാണ് അവസാനിച്ചത്. 2 മണിക്കൂറിനകം ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചു. ഇതോടെ റഫാ ഇടനാഴി വഴി ഗാസയിലേക്കുള്ള സഹായവിതരണവും സ്തംഭിച്ചു. മരുന്നും ഭക്ഷ്യവസ്തുക്കളും ഇന്ധനവുമായെത്തിയ ട്രക്കുകള്‍ ഈജിപ്ത് അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടു.