ടെൽ അവീവ് : വൈദ്യശാസ്ത്ര രംഗത്തുതന്നെ തികച്ചും അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇസ്രയേലിൽ നിന്നുള്ള ഡോക്ടർമാർ. അപകടത്തെ തുടർന്ന് നട്ടെല്ലിൽനിന്ന് ഏറെക്കുറെ വേർപെട്ടു പോയ പന്ത്രണ്ടുകാരന്റെ തലയോട്ടി വിജയകരമായി കൂട്ടി യോജിപ്പിച്ച് ഇസ്രയേലിലെ ഡോക്ടർമാർ പുതു ചരിത്രമെഴുതിയത്. കാർ സൈക്കിളിൽ ഇടിച്ചുണ്ടായ അപകടത്തിലാണ്, സൈക്കിൾ യാത്രികനായിരുന്ന സുലൈമാൻ ഹസൻ എന്ന ബാലന്റെ തലയോട്, നട്ടെല്ലിൽനിന്ന് വേർപെട്ടു പോയതെന്ന് ‘ദ് ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു.
അപകടത്തിനു തൊട്ടുപിന്നാലെ സുലൈമാനെ വ്യോമമാർഗം ഹദാസാ മെഡിക്കൽ സെന്ററിലെത്തിച്ചാണ് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. തലയോട്ടി നട്ടെല്ലിൽനിന്ന് ഏറെക്കുറെ വേർപെട്ട നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ‘ബൈലാറ്ററൽ അറ്റ്ലാന്റോ ഒക്സിപിറ്റൽ ജോയിന്റ് ഡിസ്‌ലൊക്കേഷൻ’ (bilateral atlanto occipital joint dislocation) എന്നാണ് ഈ അവസ്ഥയുടെ ശാസ്ത്രീയ നാമം.
ഹദാസാ മെഡിക്കൽ സെന്ററിലെ ഡോക്ടർ ഓഹദ് എയ്നവിന്റെ നേതൃത്വത്തിലായിരുന്നു അത്യപൂർവ ശസ്ത്രക്രിയ. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കടുത്ത പോരാട്ടമാണ് നടത്തിയതെന്ന് ഡോക്ടർ പിന്നീട് പ്രതികരിച്ചു. കുട്ടിയുടെ ജീവൻ നിലനിർത്താൻ 50 ശതമാനം സാധ്യത മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഈ ശസ്ത്രക്രിയയുടെ വിജയം ശരിക്കും ‘അദ്ഭുതം’ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയുടെ വിവരം ഡോക്ടർമാർ പുറത്തുവിട്ടിരുന്നില്ല. സുലൈമാൻ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടതിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടത്. ആശുപത്രി വിട്ടെങ്കിലും സുലൈമാനെ കൃത്യമായി നിരീക്ഷിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.