വെസ്റ്റ് ബാങ്കിലെ പാലസ്തീന്‍ യൂണിവേഴ്‌സിറ്റികളില്‍ പുതിയ നിയമ നിര്‍മാണങ്ങള്‍ക്ക് ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പത്രമായ Haaretz ന്റെ റിപ്പോര്‍ട്ട് പ്രകാരം പാലസ്തീന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കുന്ന വിദേശത്ത് നിന്നുള്ള അധ്യാപകരെയും പഠിപ്പിക്കുന്ന വിഷയങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ ഇസ്രായേല്‍ സര്‍ക്കാരിന് പ്രത്യേക അവകാശം നല്‍കുന്ന നിയമ നിര്‍മാണങ്ങള്‍ക്കാണൊരുങ്ങുന്നത്. ഇത് പ്രകാരം ഇസ്രായേല്‍ മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാത്രമായിരിക്കും പാലസ്തീന്‍ യൂണിവേഴ്‌സിറ്റികളിലേക്ക് വിദേശ അധ്യാപകരെ തെരഞ്ഞെടുക്കുക.
അധ്യാകരും ഗവേഷവകരും വെസ്റ്റ് ബാങ്കിലേക്ക് വരുന്നതിന് മുമ്പ് അവരുടെ സ്വന്തം രാജ്യത്തെ ഇസ്രായേല്‍ കോണ്‍സുലേറ്റില്‍ അപേക്ഷ നല്‍കണം. ഇവര്‍ മികച്ച അക്കാദമിക നിലവാരമുള്ളവരും ഡോക്ടറേറ്റ് നേടിയവരുമായിരിക്കണം. കഴിഞ്ഞ മാസമാണ് ഈ ഉത്തരവുകള്‍ പുറത്തു വന്നത്. മെയ് മാസം മുതല്‍ ഇവ പ്രാബല്യത്തിലാവും. പാലസ്തീന്‍ യൂണിവേഴ്റ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഒരു വര്‍ഷം 150 പേര്‍ക്ക് മാത്രമേ വിസ ലഭിക്കൂ.
അധ്യാപക വിസയും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതിനു പുറമെ യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കുന്ന പാഠ ഭാഗങ്ങളില്‍ ഇസ്രായേല്‍ സര്‍ക്കാരിന് കൈ കടത്താം. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വെസ്റ്റ് ബാങ്കിലെ പാലസ്തീന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ വരണമെങ്കില്‍ വിസ അപേക്ഷയുടെ ഭാഗമായി ഇസ്രായേല്‍ കോണ്‍സുലേറ്റിന്റെ അഭിമുഖവും കടന്നു പോവണം.