ടെല്‍അവീവ്: വടക്കന്‍ ഗാസ വിട്ടുപോകുന്നതിനായി ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസ് പ്രവിശ്യയിലേയ്ക്ക് ആറ് മണിക്കൂര്‍ നേരത്തേക്ക് സുരക്ഷിതമായ ഒഴിപ്പിക്കല്‍ പാത ഒരുക്കാമെന്ന് ഇസ്രയേല്‍. വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഇസ്രയേലിലേക്കുള്ള പ്രവേശന കവാടമാണ് ബെയ്റ്റ് ഹനൂന്‍. ഗാസാ മുനമ്പിന്റെ തെക്ക് ഭാഗത്തെ ഗവര്‍ണറേറ്റാണ് ഖാന്‍ യൂനിസ്. വടക്കന്‍ ഇസ്രയേലില്‍ നിന്ന് ഖാന്‍ യൂനിസിലേയ്ക്ക് ആളുകള്‍ക്ക് സുരക്ഷിതമായി പോകാനാണ് ഇസ്രയേല്‍ ആറ് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാരെ സുരക്ഷിതരാക്കാനാണ് നടപടിയെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
നേരത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകുന്നതിനായി സുരക്ഷിതമായ ഒഴിപ്പിക്കല്‍ പാത ഒരുക്കണമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ഗാസയുടെ വടക്ക് നിന്ന് തെക്കോട്ട് പലായനം ചെയ്യുന്നവരെ ഹമാസ് തടയുകയാണെന്നും ഇസ്രയേല്‍ ആരോപിച്ചു. വടക്കന്‍ ഗാസയില്‍ നിന്ന് ആളുകള്‍ 24 മണിക്കൂറിനകം തെക്കോട്ട് ഒഴിഞ്ഞ് പോകണമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ അന്ത്യശാസനം നല്‍കിയിരുന്നു.
ഗാസയിലേക്ക് മരുന്നും അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി മാനുഷിക ഇടനാഴി തുറക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെയും ലോകരാജ്യങ്ങളുടെയും ആവശ്യം ഇസ്രയേല്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ അറബ് മേഖലയിലെ സന്ദര്‍ശനം പുരോഗമിക്കുകയാണ്. ഇസ്രയേല്‍ ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ അക്രമിക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സൗദി വിദേശകാര്യ മന്ത്രി ഉന്നയിച്ചത്. യുദ്ധ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാനായി സൗദിയിലെത്തിയതായിരുന്നു ബ്ലിങ്കന്‍.
ഇതിനിടെ ഗാസയില്‍ ഇതുവരെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 1900ത്തോളം ആളുകള്‍ കൊല്ലപ്പെടുകയും 7696 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ പക്ഷത്ത് 1300 പേരും കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് നടത്തിയ റെയ്ഡില്‍ കാണാതായ നിരവധി ഇസ്രയേല്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും ഐഡിഎഫ് റെയ്ഡ് നടത്തിയിരുന്നു. 230 പേരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഹമാസ് കമാന്‍ഡര്‍ മുറാദ് അബു മുറാദിനെ ഇസ്രയേല്‍ സേന വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.