ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പലുകളില്‍ പ്രതിരോധ സംവിധാനമൊരുക്കി ഇസ്രയേല്‍

ജറുസലേം : ഇസ്രയേല്‍ ഇന്ത്യന്‍ നാവികസേനയുടെ നാലു കപ്പലുകളില്‍ ആധുനിക ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നു.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഇസ്രയേല്‍ എയ്‌റോസ്‌പേയ്‌സ് ഇന്‍ഡസ്ട്രിയും (ഐഎഐ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ലോങ് റേഞ്ച് സര്‍ഫെയ്‌സ് ടു എയര്‍ മിസൈല്‍ (എല്‍ആര്‍എസ്എഎം) ബറാക് 8 ആണ് ഇന്ത്യക്കു ലഭിക്കുന്നത്. 630 മില്യണ്‍ യുഎസ് ഡോളറിന്റെ കരാറാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈയില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. അടുത്തിടെ ഇന്ത്യയുമായി രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടപാട് ഇസ്രയേല്‍ നടത്തിയിരുന്നു. മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറുന്നതിനായിരുന്നു ഈ ഇടപാട്.

ഇസ്രയേല്‍ എയ്‌റോസ്‌പേയ്‌സ് ഇന്‍ഡസ്ട്രിയും ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) സംയുക്തമായാണ് ലോങ് റേഞ്ച് സര്‍ഫെയ്‌സ് ടു എയര്‍ മിസൈല്‍ (എല്‍ആര്‍എസ്എഎം) സിസ്റ്റംസ് വികസിപ്പിക്കുക. വ്യോമമേഖലയിലൂടെ കടന്നുവരുന്ന എല്ലാ വെല്ലുവിളികളില്‍ നിന്നും രക്ഷ നേടാന്‍ പുതിയ സാങ്കേതികവിദ്യ കൊണ്ട് കഴിയും.

ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ഉപയോഗിച്ചു തുടങ്ങി. കരസേനക്കു കൂടി പുതിയ സാങ്കേതികവിദ്യയുടെ സഹായം ഉള്‍പ്പെടുത്താനാണ് നീക്കം. എല്‍ആര്‍എസ്എഎം കഴിഞ്ഞയാഴ്ച വിജയകരമായി ഇന്ത്യയില്‍ പരീക്ഷിച്ചു.

നാവികസേനയുടെ കപ്പലില്‍ നിന്നായിരുന്നു പരീക്ഷണമെന്നും ഇസ്രയേല്‍ എയ്‌റോസ്‌പേയ്‌സ് ഇന്‍ഡസ്ട്രി അധികൃതര്‍ അറിയിച്ചു.

Top