ഗാസാ സിറ്റിയിൽ സഹായത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിനു നേർക്കുണ്ടായ ഇസ്രേലി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറ്റന്പതിലേറേ പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ നഗരത്തിലെ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം അന്വേഷിക്കുമെന്ന് ഇസ്രേലി സേന അറിയിച്ചു.
ബുധനാഴ്ച ഗാസയിൽ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഷെൽട്ടറിലുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇസ്രേലി സൈന്യം പറയുന്നത്.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ രൂക്ഷ പോരാട്ടം തുടരുകയാണ്. നഗരത്തിലെ രണ്ടു പ്രധാന ആശുപത്രികൾ ഒറ്റപ്പെട്ട നിലയിലാണ്. നൂറുകണക്കിനു രോഗികളും ആയിരക്കണക്കിനു സാധാരണക്കാരും ആശുപത്രികളിലുണ്ട്.
ജനുവരി എട്ടിന് മധ്യ ഗാസയിലെ തുരങ്കം നശിപ്പിക്കുന്നതിനിടെ പരിക്കേറ്റ ഇസ്രേലി നടനും ഗായകനുമായ ഇദ്നാൻ അമേദി ആശുപത്രി വിട്ടു. ടാങ്ക് ഷെൽ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് അമേദിക്കു പരിക്കേറ്റത്.
ആറ് ഇസ്രേലി സൈനികർ അന്നു കൊല്ലപ്പെട്ടിരുന്നു. ഇസ്രേലി സൈന്യത്തിൽ റിസർവ് ഡ്യൂട്ടി ചെയ്യുകയാണ് അമേദി (35). ഒക്ടോബര് ഏഴിന് ഹമാസിന്റെ ആക്രമണമുണ്ടായശേഷം 3,60,000 റിസർവ് സൈനികരെ ഇസ്രയേൽ സജ്ജമാക്കിയിരുന്നു.