‘ഉമ്മാക്കിയുമായി’ ഇങ്ങോട്ട് വരേണ്ട; ‘ലേസര്‍’ പ്രതിരോധവുമായി ഇസ്രയേല്‍

ങ്ങളുടെ മേഖലയിലേക്ക് വരുന്ന റോക്കറ്റുകളും, ഡ്രോണുകളും പിടിച്ചുനിര്‍ത്താന്‍ ആധുനികമായ ‘ലേസര്‍ സ്വോര്‍ഡ്’ ഡിഫന്‍സ് സിസ്റ്റവുമായി ഇസ്രയേല്‍. അതിനൂതന സാങ്കേതിക വഴിത്തിരിവ് രാജ്യത്തെ ഡിഫന്‍സ് മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഏറെ കൃത്യതയോടെ ലേസറുകള്‍ക്ക് പ്രതിരോധം തീര്‍ക്കാനും, ദീര്‍ഘദൂരത്തേക്കും, മേഘങ്ങളും, പൊടിക്കാറ്റും ഉള്ളപ്പോള്‍ പോലും ലക്ഷ്യത്തില്‍ എത്താനും പുതിയ സാങ്കേതിക വിദ്യക്ക് സാധിക്കും. ഈ വര്‍ഷം പരീക്ഷിക്കുന്ന പ്രതിരോധ സിസ്റ്റം വരുംവര്‍ഷങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും.

അയേണ്‍ ഡോം മിസൈല്‍ ഡിഫന്‍സ് സിസ്റ്റത്തിന് പിന്തുണയേകാനാണ് ലേസര്‍ സ്വോര്‍ഡ് പ്രവര്‍ത്തിക്കുക. ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ഇറാന്റെ മിസൈല്‍ അക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. അമേരിക്ക തിരിച്ചടിച്ചാല്‍ ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളോട് കലിപ്പ് തീര്‍ക്കുമെന്നാണ് ഇറാന്റെ ഭീഷണി. എന്നാല്‍ അത്തരം ഭീഷണികള്‍ കൈയില്‍ വെച്ചാല്‍ മതിയെന്ന തരത്തിലാണ് ഇസ്രയേലിന്റെ മറുപടി. പ്രത്യേകിച്ച് യുഎസ് സൈന്യത്തിന് തടയാന്‍ കഴിയാതിരുന്ന മിസൈല്‍ അക്രമണം പ്രതിരോധിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏക രാജ്യമാണ് ഇസ്രയേല്‍.

നിരവധി ചെറിയ ബീമുകള്‍ കൂട്ടിച്ചേര്‍ത്ത് വലിയ ബീം സൃഷ്ടിച്ചാണ് പുതിയ സാങ്കേതികത്തികവുള്ള പ്രതിരോധം അവര്‍ സാക്ഷാത്കരിച്ചത്. 2020ല്‍ തന്നെ തങ്ങളുടെ പുതിയ സിസ്റ്റം ലോകത്തിന് മുന്നില്‍ കാണിക്കുമെന്ന് ആംഡ് ഫോഴ്‌സസ് & ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ അഡ്മിസ്‌ട്രേഷന്‍ പ്രഖ്യാപനത്തില്‍ പറയുന്നു. ഈ രംഗത്ത് ലോകത്തിലെ മുന്‍നിര രാജ്യമായി ഇതോടെ ഇസ്രയേല്‍ മാറിയെന്ന് ബ്രിഗേഡിയര്‍ ജനറല്‍ യാനിവ് റോത്തം പറഞ്ഞു. പുതിയ യുഗത്തില്‍ എനര്‍ജി യുദ്ധമേഖലയിലേക്കാണ് തങ്ങളുടെ ചുവടുവെപ്പെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

മിസൈല്‍ പ്രതിരോധ സിസ്റ്റത്തില്‍ ചെലവ് കുറവാണെന്നതാണ് ഇസ്രയേലിന്റെ പുതിയ ലേസര്‍ പ്രതിരോധത്തിന്റെ മേന്മ. അയേണ്‍ ഡോമില്‍ ഓരോ വെടിയുതിര്‍ക്കാനും പതിനായിരക്കണക്കിന് ഡോളര്‍ ചെലവ് വരുമ്പോള്‍ ലേസര്‍ സാങ്കേതികവിദ്യയില്‍ വെറും ഒരു ഡോളറാണ് ചെലവ്. കൂടാതെ അയേണ്‍ ഡോമിന് ലക്ഷ്യം കാഴ്ചയില്‍ പെടേണ്ടതുമുണ്ട്.

Top