കൊച്ചി: ഈ മാസം 11ന് രാത്രി എക്‌സൈസ് റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 100ഓളം പേര്‍ പിടിയിലായ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ മയക്കുമരുന്നു പാര്‍ട്ടിക്ക് പിന്നില്‍ അടിമുടി ദുരൂഹതയുള്ള ഇസ്രായേല്‍ സംഘമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലെ ചര്‍ച്ചുകളിലും ആഢംബര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ ഈ സംഘത്തിന്റെ സാന്നിധ്യം അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. റെയ്ഡ് വിവരം ചോര്‍ന്നതോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിച്ച ഡിജെ പാര്‍ട്ടി ഉപേക്ഷിച്ച് ഡിജെ ‘സജങ്ക’ രാജ്യം വിട്ടിരുന്നു. ഡിജെ ‘സജങ്ക’ വ്യക്തിയാണോ അതോ സംഘമാണോ എന്നുള്ളതില്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും തീര്‍പ്പ് കണ്ടെത്താനായിട്ടില്ല.
ഫോര്‍ട്ട് കൊച്ചിയിലെ പരിപാടി ഉപേക്ഷിച്ചതിനു പിന്നാലെ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ മറ്റു നഗരങ്ങളില്‍ നടത്താനിരുന്ന ഡിജെ പാര്‍ട്ടികളും ഉപേക്ഷിച്ചാണു ഡിജെ ‘സജങ്ക’ നാടു കടന്നത്. ശ്രീലങ്കയില്‍ 2019 ഇസ്റ്റര്‍ ദിനത്തില്‍ നടന്ന സായുധാക്രമണത്തിന് രണ്ടു വയസ്സു തികയുന്ന വേളയില്‍ത്തന്നെ ‘സജങ്ക’ ഇന്ത്യയിലെത്തിയതും കടുത്ത ആശങ്കയുളവാക്കുന്നതാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനിടയില്‍ കേരളം അടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു വിദേശത്തു നിന്നു രാസലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണു കസ്റ്റംസ് പ്രിവന്റിവ്, എക്‌സൈസ്, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നിവര്‍ സംയുക്തമായി ഹോട്ടലുകളില്‍ റെയ്ഡുകള്‍ക്കു പദ്ധതിയിട്ടത്. നാലിടങ്ങളിലാണ് ഒരേ സമയം റെയ്ഡിനു പദ്ധതിയിട്ടത്. ഈ വിവരം ‘സജങ്കയ്ക്കു’ മാത്രം ചോര്‍ന്നു കിട്ടുകയും രക്ഷപ്പെടുകയും ചെയ്തതിലും ദുരൂഹത നിലനില്‍ക്കുന്നു.