ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ ആക്രമണം; മുതിന്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍

ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. മുതിര്‍ന്ന ഹമാസിന്റെ കമാന്‍ഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനത്തിന്റെയൊരു ഭാഗം തകര്‍ക്കാനായെന്നുമാണ് ഇസ്രയേല്‍ ഉന്നയിക്കുന്ന അവകാശവാദം.

അന്‍പതിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നും 150 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ് ഗാസ ആരോഗ്യമന്ത്രാലായം പ്രസ്താവനയില്‍ അറിയിച്ചത്. അതേസമയം, ഡസന്‍ കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ നേരത്തെയും ഇസ്രയേല്‍ ആക്രമണമുണ്ടായിരുന്നു.

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അന്പതിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എഴുപത് വര്‍ഷത്തിലേറെയായി ഒന്നേകാല്‍ ലക്ഷം പലസ്തീനികള്‍ ജീവിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റര്‍ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ക്യാമ്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗര്‍ഭ ടണലില്‍ ഒളിച്ചിരുന്ന പോരാളികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്.

അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും ശക്തമായി അപലപിച്ചു. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. ഇതിനിടയില്‍ എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച വീണ്ടും ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്ന് അമേരിക്ക അറിയിച്ചു. മേഖലയില്‍ മറ്റു ചിലയിടങ്ങളും ബ്ലിങ്കന്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിപ്പ്.

Top