ഗാസയില്‍ ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസാധനങ്ങള്‍ക്കായുള്ള സഹായവിതരണം കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ക്രൂരത. ഗാസ മുനമ്പില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ സഹായം കാത്തുനിന്ന 29 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഗാസയില്‍ ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസാധനങ്ങള്‍ക്കായുള്ള സഹായവിതരണം കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ക്രൂരത. ഗാസ മുനമ്പില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ സഹായം കാത്തുനിന്ന 29 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. പിന്നീട്, വടക്കന്‍ ഗാസ റൗണ്ട് എബൗട്ടില്‍ എയ്ഡ് ട്രക്കുകള്‍ക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വെടിവെയ്പ്പില്‍ 21 പേര്‍ കൊല്ലപ്പെടുകയും 150-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ ‘പുതിയ ആസൂത്രിതമായ കൂട്ടക്കൊല’ എന്നാണ് ഗാസയുടെ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തില്‍ മുനമ്പിലെ 2.3 ദശലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലും യുദ്ധക്കെടുതികളിലും ഉഴലുകയാണ് നിലവില്‍ ഗാസയിലെ നിവാസികള്‍. കടുത്ത ഭക്ഷണക്ഷാമം നേരിടുന്ന ഗാസയില്‍ കുട്ടികളുടെ ആരോഗ്യസ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുള്‍പ്പെടെ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഭക്ഷണമോ മാനുഷിക ആവശ്യങ്ങളോ ലഭിക്കാത്ത ഗാസയിലെ കുട്ടികള്‍ വലിയ പോഷാകാഹരക്കുറവ് നേരിടുന്നു എന്നാണ് യൂണിസെഫ് റിപ്പോര്‍ട്ട്. പട്ടിണി മൂലം ഓരോ ദിവസവും 10,000 പേരില്‍ രണ്ടുപേരെങ്കിലും മരിക്കുന്നു എന്നാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍.
മുന്‍പും ഗാസയില്‍ ഇസ്രയേല്‍ സൈന്യം മാനുഷിക സഹായം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ച് വിട്ടിട്ടുണ്ട്. ഫെബ്രുവരി 29 ന് നടന്ന ഇത്തരം ആക്രമണങ്ങളില്‍ 115 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് വെടിയുതിര്‍ത്തതെന്നും തിക്കിലും തിരക്കിലുമാണ് നിരവധി പേര്‍ മരിച്ചതെന്നുമായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. സംഭവത്തില്‍ പരുക്കേറ്റ നിരവധി പേരുടെ ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് പിന്നാലെ യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും യൂറോപ്യന്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.എന്നാല്‍ സഹായം കാത്ത് നിന്നവരെ സൈന്യം ആക്രമിച്ചെന്ന ആരോപണം ഇസ്രയേല്‍ നിഷേധിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ഇസ്രയേല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ‘വ്യാഴാഴ്ച വൈകുന്നേരം ഒരു മാനുഷിക സഹായ വിതരണ കേന്ദ്രത്തില്‍ ഇസ്രയേല്‍ സൈന്യം ഗാസക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ഐഡിഎഫ് സംഭവത്തെ അത് അര്‍ഹിക്കുന്ന സമഗ്രതയോടെ മനസിലാക്കുന്നു, മാധ്യമങ്ങളും അത് ചെയ്യണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ഥന. വിശ്വസനീയമായ വിവരങ്ങളില്‍ മാത്രം ആശ്രയിക്കുക,’ പ്രസ്താവനയില്‍ പറയുന്നു.