ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ, അദാനിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ കമ്പനി അവര്‍ക്ക് സൈനിക ഡ്രോണുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ വയര്‍’ 2024 ഫെബ്രുവരി 12ന് പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദാനി- എല്‍ബിറ്റ് അഡ്വാന്‍സ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡാണ് ഇരുപതിലധികം ഹെര്‍മിസ് ഡ്രോണുകള്‍ ഇസ്രയേലിന് നല്‍കിയത്. ഗാസയിലെ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ വ്യാപകമായി ഉപയോഗിക്കുന്ന ഡ്രോണുകളാണിത്.
ഇസ്രയേല്‍ റഫായില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവര്‍ ഇസ്രയേല്‍ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 28,473 പലസ്തീനികള്‍ കൊല്ലപ്പെടുകയും 68,146 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച കടുത്ത ആക്രമണങ്ങളില്‍ ഡ്രോണുകള്‍ പ്രത്യേകിച്ച് ഹെര്‍മിസ് 900 നിര്‍ണായക പങ്കാണ് വഹിക്കുന്നത്. 30 മണിക്കൂറിലധികം പ്രവര്‍ത്തനക്ഷമതയുള്ള, ഹെര്‍മിസ് 900 ഉപയോഗിച്ചാണ് മുനമ്പില്‍ ഇസ്രയേല്‍ പ്രധാനമായും നിരീക്ഷണം നടത്തുന്നത്. അതേസമയം, നിരീക്ഷണങ്ങള്‍ക്ക് മാത്രമല്ല ചെറിയ ലേസര്‍ ഗൈഡഡ് ബോംബുകള്‍ ഉപയോഗിക്കാനും ഇസ്രയേല്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹെര്‍മിസ് 900 മീഡിയം ആള്‍റ്റിട്യൂട്, ലോങ് എന്‍ഡുറന്‍സ് യുഎവികള്‍ ഫെബ്രുവരി രണ്ടിനാണ് ഇസ്രയേലിന് വിറ്റത്. പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ള ഷെപാര്‍ഡ് മീഡിയ ആണ് ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇന്ത്യയോ ഇസ്രയേലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ച ഡ്രോണുകള്‍ ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് അദാനിയുമായി അടുത്ത വൃത്തങ്ങള്‍ തങ്ങളോട് സ്ഥിരീകരിച്ചതായി പറയുന്നു.