നബി സലേഹ്: ഇസ്രയേൽ അധിനിവേശത്തിനെതിരെയുള്ള പലസ്തീൻ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറിയ 17കാരി ആക്ടിവിസ്റ്റ് അഹദ് തമീമിയുടെ വിചാരണ ഇന്ന് ഇസ്രയേൽ സൈനിക കോടതിയിൽ ആരംഭിക്കും.
വെസ്റ്റ്ബാങ്കില്‍ ആയുധമേന്തിയ രണ്ട് ഇസ്രയേൽ സൈനികരെ അടിക്കുകയും ഇടിക്കുകയും ചെയ്തു പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് ഈ പെൺകുട്ടിയെ തടവിലാക്കിയിരിക്കുന്നത്. പന്ത്രണ്ടോളം കുറ്റങ്ങളാണ് അഹദ് തമീമിക്കെതിരേ ഇസ്രയേൽ അധികൃതര്‍ ചുമത്തിയിരിക്കുന്നത്.
നബി സാലിഹിലെ സ്വന്തം വീടിനടുത്തായിരുന്നു അഹദ് തമീമി ഇസ്രയേൽ സൈനികരെ നേരിട്ടത്. കല്ലേറു നടത്തിയവർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ ബന്ധുവിന് തലയ്ക്കു സാരമായി പരുക്കേറ്റിരുന്നു. ഇതിനെത്തുടർന്നാണ് തമീമി സൈനികർക്കെതിരെ തിരിഞ്ഞത്.
അഹദ് തമീമിയെപ്പോലെ മുന്നൂറോളം പലസ്തീൻ കുട്ടികൾ ഇസ്രയേലിലെ ജയിലിലുണ്ടെന്നാണു കണക്ക്. അഹദ് തമീമിയുടെ നടപടിയെ ക്രിമിനൽ കുറ്റകൃത്യമായാണു കാണുന്നത്. അതുകൊണ്ടുതന്നെ സൈനിക കോടതി തടവുശിക്ഷ വിധിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇസ്രയേൽ അധിനിവേശത്തിനെതിരെ നേരത്തേ തന്നെ ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കുന്നവരാണ് അഹദ് തമീമിയും കുടുംബവും. മകളെ മോചിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന ഓൺലൈൻ അപേക്ഷയിൽ ഇതിനകം 17 ലക്ഷത്തിലേറെ പേർ ഒപ്പിട്ടിട്ടുണ്ടെന്നു തമീമിയുടെ പിതാവ് ബസീം അറിയിച്ചു.