ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെതിരെ അഴിമതി കേസില്‍ കുറ്റം ചുമത്തണമെന്ന് പൊലീസ്. കൈക്കൂലി, വഞ്ചന എന്നീ കേസുകളില്‍ പ്രധനമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറയുന്നു. മാസങ്ങള്‍ പിന്നിട്ട അന്വേഷണത്തിനു ശേഷമാണ് കുറ്റം ചുമത്താന്‍ പൊലീസ് അറ്റോര്‍ണി ജനറലിന് ശിപാര്‍ശ നല്‍കിയത്.
പൊലീസ് അറ്റോര്‍ണി ജനറല്‍ അവിചെ മന്‍ഡല്‍ബ്ലിസറ്റിന് കൈമാറിയ ശിപാര്‍ശയില്‍ പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പരിശോധിക്കുകയാണ് അറ്റോര്‍ണി ജനറല്‍. കേസുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്നത് അറ്റോര്‍ണി ജനറലിന്റെ തീരുമാന പ്രകാരമായിരിക്കും.
ചില കോടീശ്വരന്‍മാര്‍ക്ക് ചെയ്തുകൊടുത്ത ഉപകാരത്തിന് വന്‍ വിലവരുന്ന ചുരുട്ടും ആഭരണങ്ങളും സമ്മാനങ്ങളായി സ്വീകരിച്ചുവെന്നതാണ് ഒരു ആരോപണം. ഇസ്രായേലിലെ യെദ്യോത് അഹ്‌റോനത് എന്ന പ്രമുഖ പത്രത്തിന്റെ പ്രസാധകനുമായി രഹസ്യ കരാര്‍ ഉണ്ടാക്കി എന്നതാണ് രണ്ടാമത്തെ കേസ്. വിമത പത്രമായ ഇസ്രായേലി ഹയോം എന്ന പത്രത്തിന്റെ സ്റ്റാറ്റസ് കുറച്ചാല്‍ നെതന്യാഹുവിനെ പ്രകീര്‍ത്തിക്കുന്ന ധാരാളം വാര്‍ത്തകള്‍ നല്‍കാമെന്നായിരുന്നു കരാര്‍.
അതേസമയം ആരോപണങ്ങള്‍ നെതന്യാഹു നിഷേധിച്ചു. സത്യം വെളിച്ചത്തു വരുമെന്ന് ഉറപ്പുണ്ട്. ദൈവം സഹായിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പിലും താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.