ഗാസാ മുനമ്പ് കീഴടക്കാനോ, അവിടെ തങ്ങള്‍ക്കനുകൂല സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാനോ പദ്ധതിയില്ലെന്നും ലക്ഷ്യം ഹമാസിനെ തകര്‍ക്കുക മാത്രമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ മാധ്യമങ്ങളോട് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കി. ഹമാസിനെ തടയുന്നതിനായി ഗാസയിലേക്ക് കടക്കുന്നത് അത്യാവശ്യമാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഗാസയുടെ സുരക്ഷ സംബന്ധിച്ചുള്ള ഉത്തരവാദിത്തം ഇസ്രയേലിനായിരിക്കുമെന്നും ഗാസയില്‍ സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടത്തുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ നിലപാട് മാറ്റമുണ്ടായിരിക്കുന്നത്.അല്‍ ഷിഫ ആശുപത്രിയിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടറായ അബു സാല്‍മിയ അല്‍ ജസീറയോട് പറഞ്ഞു. ആക്രമണത്തില്‍ അബു സാല്‍മിയക്കും ഗുരുതരമായ പരുക്കുകളേറ്റിരുന്നു. വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് അഭയം നല്‍കുന്ന ആശുപത്രിയുടെ പരിസരത്തേക്ക് നിലയ്ക്കാതെയാണ് വ്യോമക്രമണം സംഭവിക്കുന്നതെന്നും അബു സാല്‍മിയ വ്യക്തമാക്കി.
വടക്കന്‍ ഗാസയിലെ ജനങ്ങള്‍ക്ക് പലായനം ചെയ്യുന്നതിനായി ദിവസവും നാല് മണിക്കൂര്‍ ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഇസ്രയേലിന്റെ തീരുമാനം ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്പാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ചും വെടിനിര്‍ത്തലിന്റെ ദൈര്‍ഘ്യം സംബന്ധിച്ചും ഇസ്രയേലുമായി അമേരിക്ക ചര്‍ച്ചകള്‍ തുടരുമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.