ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതനാഹ്യുവിനെതിരെ അഴിമതി ആരോപണം. ടെല്‍അവീവ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രധാനമന്ത്രി കൂടി ഉള്‍പ്പെടുന്ന കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സാറയ്‌ക്കെതിരെയും പൊലീസ് കൈക്കൂലി ആരോപണം ഉന്നയിച്ചത്. ഇതുള്‍പ്പെടെ നിരവധി കൈക്കൂലി കേസുകളില്‍ നെതന്യാഹു പ്രതിപ്പട്ടികയിലുണ്ട്.
വാര്‍ത്ത വിനിമയ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് രാജ്യത്തെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ബെസക്കിനെ വഴി വിട്ടുസഹായിച്ചുവെന്നതാണ് നെതന്യാഹുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ബെസക്കിന്റെ ഉടമ ഷോല്‍ എലോവിച്ച് നെതന്യാഹുവിന്റെ അടുത്ത സുഹൃത്താണ്. എലോവിച്ചിന്റെ വാര്‍ത്ത ചാനലായ വലാ ന്യൂസ് തിരഞ്ഞെടുപ്പ് കാലത്ത് നെതന്യാഹുവിനും പത്‌നിക്കും പരസ്യപ്രചരണം നല്‍കിയിരുന്നു.
നെതന്യാഹുവിനെതിരായ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഫെബ്രുവരിയില്‍ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കൈക്കൂലി, വിശ്വാസ വഞ്ചന തുടങ്ങിയവയാണ് നെതന്യാഹുവിനെതിരെ പ്രധാന ആരോപണങ്ങളുള്ളത്. പ്രധാനമന്ത്രിക്കെതിരെയുള്ള കേസുകളില്‍ അന്വേഷണം തുടരണോ പിന്‍വലിക്കണോ എന്നത് അറ്റോര്‍ണി ജനറല്‍ അവിച്ചായ് മണ്ടേല്‍ബ്ലിറ്റിന്റെ തീരുമാനത്തില്‍ നിക്ഷിപ്തമാണ്.
സാറയുടെ അഭിഭാഷകര്‍ ഇവര്‍ക്കെതിരെയുള്ള ആരോപണം കോടതിയില്‍ നിഷേധിച്ചിട്ടുണ്ട്. സാറ കോഴക്കേസില്‍ പങ്കാളിയല്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.