ഇസ്രായേല്‍: ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറുമായി സഹകരിക്കുമെന്ന ഹമാസിന്റെ നിലപാടിനെ തള്ളി ഇസ്രായേല്‍. യുദ്ധം അവസാനിപ്പിക്കാന്‍ ആരുമായും കരാറിലേര്‍പ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഗാസയില്‍ ശക്തമായ വ്യോമാക്രമണവും വെടിവെപ്പുമാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നത്. ഹമാസിനുനേരെ നടത്തുന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു പാരാമെഡിക് വോളന്റിയര്‍ ഉള്‍പ്പെടെ 2 പലസ്തീനികള്‍ കൊല്ലപ്പെടുകയും, 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഹമാസ് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം രണ്ട് ഹമാസ് അംഗത്തെ വധിച്ചതിന് തിരിച്ചടിയായി ഗാസയില്‍ നിന്ന് 150 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് തൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗാസയില്‍ തുടര്‍ച്ചയായി ആക്രമണം ഉണ്ടായത്. ഇസ്രായേല്‍ ഗാസയ്‌ക്കെതിരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നീക്കങ്ങള്‍ ശക്തമാക്കുമെന്ന് കഴിഞ്ഞദിവസം ഹമാസ് വക്താവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം കൂടുതല്‍ വഷളാവുകയാണെന്നും, സംഘര്‍ഷത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.