വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ ഉണ്ടാക്കിയ നാശനഷ്ടം രണ്ടാം ലോകമഹായുദ്ധത്തിലേതിന് സമാനമെന്ന് റിപ്പോര്‍ട്ട്

സ്രായേല്‍ സൈന്യം വടക്കന്‍ ഗസ്സയില്‍ ഉണ്ടാക്കിയ നാശനഷ്ടം രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ നഗരങ്ങളിലുണ്ടായതിന് സമാനമെന്ന് റിപ്പോര്‍ട്ട്. വെറും ഏഴ് ആഴ്ച കൊണ്ട് ഇസ്രായേല്‍ ഗസ്സയില്‍ വരുത്തിവച്ചത് ജര്‍മന്‍ നഗരങ്ങളില്‍ വര്‍ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ നഷ്ടമെന്നാണ് യുദ്ധ വിദഗ്ധര്‍ പറയുന്നത്.

വടക്കന്‍ ഗസ്സയിലെ 60 ശതമാനം കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തീരത്തോട് ചേര്‍ന്ന മൂന്നു ലക്ഷം വീടുകളാണ് താമസയോഗ്യമല്ലാതാക്കിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോംബിങ്ങില്‍ ഗസ്സ ഒരു പേരു മാത്രമായി എന്നാണ് യുഎസ് സൈനിക ചരിത്രകാരന്‍ റോബര്‍ട്ട് പാപെ പറയുന്നത്. വിനാശകാരിയായ നിരവധി ബോംബുകള്‍ ഗസ്സ മുനമ്പില്‍ ഉപയോഗിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തിനായി ഇസ്രായേല്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കളാണ് ഇത്ര കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. പരമാവധി നാശം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 250എല്‍ബി സ്മാള്‍ ഡയമീറ്റര്‍ ഉള്‍പ്പെടെ സൂചിമുന കൃത്യതയുള്ള ബോംബുകളാണ് ഇസ്രായേല്‍ ഉപയോഗിച്ചത്. ലേസര്‍ നിയന്ത്രിത ഹെല്‍ഫയര്‍ മിസൈലുകളാണ് ഹെലികോപ്ടറുകള്‍ ഉപയോഗിച്ചത്. ഇറാഖിലും സിറിയയിലും ഐഎസ്ഐഎസിനെതിരെ യുഎസ സേന ഉപയോഗിച്ച ആയുധമാണിത്.

ലക്ഷ്യസ്ഥാനം കൃത്യമായി ആക്രമിക്കുന്ന ഫയര്‍ ആന്റ് ഫോര്‍ഗറ്റ് സ്പൈക് മിസൈലുകളാണ് മറ്റൊന്ന്. കൊറിയന്‍, വിയറ്റ്നാം യുദ്ധത്തില്‍ യുഎസ് സേന ഉപയോഗിച്ച, ഡംബ് ബോംബുകള്‍ എന്നറിയപ്പെടുന്ന എം117 ബോംബുകളും ഇസ്രായേല്‍ ജറ്റുകള്‍ ഗസ്സയില്‍ വര്‍ഷിച്ചു. മൊസൂളില്‍ ഐഎസിനെതിരെ യുഎസ് ഉപയോഗിച്ച 500എല്‍ബി ബോംബുകളുടേതിന് നാലിരട്ടി ശക്തിയുള്ള 2000എല്‍ബി ജിബിയു-31 ബോംബുകളും ജൂതരാഷ്ട്രം ഉപയോഗിച്ചതായി സൈനിക വിദഗ്ധര്‍ പറയുന്നു.

Top