അഞ്ച് മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി

ഗാസ സിറ്റി: വടക്കന്‍ ഗാസയില്‍ സൈനിക നീക്കം കടുപ്പിച്ച് ഇസ്രയേല്‍. അഞ്ച് മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. യുദ്ധം ജയിക്കുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയില്‍ 7000 ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഗാസ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. 2913 കുട്ടികളും 1709 സ്ത്രീകളും അടക്കം 7028 പേര്‍ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. 2005ന് ശേഷം ഗാസയിലെ യുദ്ധ മരണങ്ങളിലെ ഏറ്റവും വലിയ സംഖ്യയാണിതെന്നും മന്ത്രാലയം അറിയിച്ചു.

ഹമാസ്, സായുധ ഗ്രൂപ്പായ ഹിസ്ബുളളയുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഗാസയിലേത് മനുഷ്യക്കുരുതിയെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തങ്ങളുടെ പക്കലുള്ള ഏകദേശം 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 225 ലധികം ആളുകളെ ബന്ദികളാക്കിയിട്ടുള്ളതായി ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

Top