ഇസ്രയേല്‍ വ്യോമാക്രമണം : ഗാസയില്‍ തകര്‍ന്നത് രണ്ടായിരത്തോളം വീടുകള്‍

ഗാസസിറ്റി: പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ഫലമായി ഗാസയിലെ 2,000 പാര്‍പ്പിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. 15,000 വീടുകള്‍ക്ക് വലിയ നാശമുണ്ടായി. ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത് ജനവാസകേന്ദ്രങ്ങളിലായിരുന്നു. വീടുകള്‍ക്ക് പുറമെ ആശുപത്രികളും പള്ളികളും വാണിജ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. വ്യവസായശാലകളും പൊലീസ് സ്‌റ്റേഷനുകളും തകര്‍ന്നവയില്‍ ഉള്‍പ്പെടും.

പൊട്ടിയിട്ടില്ലാത്ത മുന്നൂറോളം ഇസ്രയേലി റോക്കറ്റുകളും ഷെല്ലുകളും കണ്ടെത്തിയതായി പൊലീസ് മേധാവി മഹമൂദ് സലാ പറഞ്ഞു. അതേസമയം ഗാസയിലെ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് സിന്‍വര്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. സിന്‍വറിന്റെ വീടും ഇസ്രയേല്‍ തകര്‍ത്തിരുന്നു. അതേസമയം ഗാസയിലെ പലസ്തീന്‍ജനതയ്ക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തു. പലസ്തീനും ഇസ്രയേലും ജനാധിപത്യരാജ്യങ്ങളായി സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികളോടെ സമാധാനത്തില്‍ ജീവിക്കണമെന്നും യുഎന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Top