വാഷിംഗ്ടണ്‍: ഇസ്രായേല്‍-പാലസ്തീന്‍ തര്‍ക്കങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളെ തിരുത്തി പ്രസിഡന്റ് ജോ ബൈഡന്‍. വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിന് പരിഹാരം കാണുക എന്ന നിര്‍ദേശത്തെ ബൈഡന്‍ സര്‍ക്കാര്‍ പിന്തുണക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യു.എസ് പ്രതിനിധി സെക്യൂരിറ്റി കൗണ്‍സിലിനോട് വ്യക്തമാക്കി.
1967ല്‍ യുദ്ധത്തിലൂടെ ഇസ്രായേല്‍ പിടിച്ചെടുത്ത ഭാഗങ്ങളും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും അടങ്ങുന്ന ഭൂഭാഗങ്ങളെയെല്ലാം ചേര്‍ത്ത് രാജ്യമായി പ്രഖ്യാപിക്കണമെന്നതാണ് പാലസ്തീന്റെ ആവശ്യം. കിഴക്കന്‍ ജെറുസലേം പാലസ്തീന്റെ തലസ്ഥാനമായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പാലസ്തീന്റെ ഈ ആവശ്യത്തെ അവഗണിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ സമാധാന കരാര്‍.
1967 ല്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍ തങ്ങളുടേതായി അംഗീകരിക്കണമെന്നും ജെറുസലേമിനെ തലസ്ഥാനമാക്കി പ്രഖ്യാപിക്കണമെന്നുമുള്ള ഇസ്രായേലിന്റെ ആവശ്യത്തെ പരിഗണിച്ചു കൊണ്ടു മാത്രമുള്ള സമാധാന കരാറിനായിരുന്നു ട്രംപ് പിന്തുണ പ്രഖ്യാപിച്ചത്. പാലസ്തീനുമായി ചര്‍ച്ച പോലും നടത്താതെ തയ്യാറാക്കി നടപ്പിലാക്കാന്‍ ശ്രമിച്ച ഈ കരാര്‍ വലിയ പരാജയമായിരുന്നു. ഇതിന് പിന്നാലെ തര്‍ക്ക പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള നടപടികളും ഇസ്രായേലും ആരംഭിച്ചിരുന്നു.
ഇപ്പോള്‍ ട്രംപിന്റെ ഈ നിലപാടുകളെയെല്ലാം പുറന്തള്ളി കൊണ്ടാണ് യു.എസ് രംഗത്തെത്തിയിരിക്കുന്നത്. ‘ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രായേലിനോടും പാലസ്തീനോടും ആവശ്യപ്പെടും. രണ്ട് രാജ്യങ്ങളെന്ന പരിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഭൂഭാഗങ്ങള്‍ പിടിച്ചെടുത്ത് രാജ്യത്തിന്റെ ഭാഗമാക്കല്‍, പാര്‍പ്പിടങ്ങള്‍ പണിയല്‍, ആക്രമണത്തിന് പ്രേരിപ്പിക്കല്‍, വസ്തുവകകള്‍ തകര്‍ക്കല്‍, തടവിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍ തുടങ്ങിയ നടപടികളില്‍ നിന്നെല്ലാം മാറിനില്‍ക്കണമെന്ന് ഇരുവരോടും ആവശ്യപ്പെടും.’ ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി റിച്ചാര്‍ഡ് മില്‍സ് പറഞ്ഞു.