‘ഭൂമിയുടെ ഇരട്ടയെ’ ലക്‌ഷ്യം വെച്ച് ഇസ്രോ; ശുക്രയാൻ-1ന് സാധ്യതയില്ലാതില്ല!

ചാന്ദ്ര-സൗര്യ പരീക്ഷണങ്ങൾക്ക് ശേഷം ശുക്രനെ ലക്‌ഷ്യം വെച്ചുള്ള ദൗത്യത്തിന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പദ്ധതിയിടുന്നു. ഈ ദൗത്യത്തിന് അനൗദ്യോഗികമായി ഇപ്പോൾ നൽകിയിരിക്കുന്ന പേര് ശുക്രയാൻ-1 എന്നാണ്. ഇതിനായി ചില പേലോഡുകൾ വികസിപ്പിച്ചു വരികയാണ് എന്നാണ് ഇസ്രോ ചെയർമാൻ എസ്.സോമനാഥ് ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമിയിൽ നടത്തിയ പ്രസംഗത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ശുക്രനെ ചുറ്റിപ്പറ്റിയുള്ള ബഹിരാകാശകാലാവസ്ഥയെക്കുറിച്ചും അത് ഭൂമിയിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും പഠിക്കാനായിരിക്കും ശുക്രയാൻ-1

ശുക്രനിലേക്കുളള ദൗത്യം എന്ന ആശയം ആദ്യം അവതരിപ്പിക്കപ്പെട്ടത് 2012ൽ ആണ്. എന്നാൽ, ഇതിനെക്കുറിച്ചുളള പ്രാഥമിക പഠനങ്ങൾ ആരംഭിക്കുന്നത് 2017ൽ ആണ്. ‘വീനസ് വളരെ താത്പര്യജനകമായ ഒരു ഗ്രഹമാണ്. അതിന് വളരെ കനമുളളഒരു അന്തരീക്ഷമാണ് ഉള്ളത്. അത് കടക്കാൻ പ്രയാസമാണ്. പ്രതലം കടുപ്പമുള്ളത് ആണോ അല്ലയോ എന്നതിനെക്കുറിച്ച് നമുക്ക് ഇപ്പോൾ ഒന്നും അറിയില്ല’ ഇസ്രോ ചെയർമാൻ പറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പെയ്‌സിനുള്ള ബജറ്റ് വിഹിതം 23 ശതമാനം 2017-2018ൽ വർദ്ധിപ്പിച്ചതോടെയാണ് ദൗത്യത്തെക്കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമായത്. ശുക്രനിലേക്ക് എന്തു പേലോഡ് ആണ് അയക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ വിവിധ ഗവേഷണസ്ഥാപനങ്ങളിൽ നിന്നു ക്ഷണിച്ചു തുടങ്ങുന്നതും ഈ കാലത്താണ്.

ഭൂമിയുടേതിനു സമാനമായ വലിപ്പമുള്ളതിനാൽ ‘ഭൂമിയുടെ ഇരട്ട’ എന്ന വിശേഷണമുള്ള ശുക്രന്റെ പ്രതലവും, അന്തരീക്ഷവും എങ്ങനെയിരിക്കും എന്നറിയാനായിരിക്കും ദൗത്യം ശ്രമിക്കുക. വിഷലിപ്തമായ മേഘങ്ങളാൽ പൊതിഞ്ഞതാണ് ശുക്രന്റെ അന്തരീക്ഷം എന്നാണ് നാസയുടെ കണ്ടെത്തൽ. ഇപ്പോഴത്തെ സോളാർ റേഡിയേഷന് വീനസിന്റെ പ്രതലത്തിലുള്ള വസ്തുക്കളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നറിയാനുള്ള ശ്രമവും ശുക്രയാൻ ദൗത്യത്തിന് ഉണ്ടാകും. നാസയുടെ വിലയിരുത്തൽ പ്രകാരം ഇപ്പോൾ ശുക്രനിൽ ജീവനുണ്ടായിരിക്കാനുള്ള സാധ്യത തീരെയില്ല. എന്നാൽ, ചിലയിടങ്ങളിൽ മൈക്രോബുകളുടെ സാന്നിധ്യം ഉണ്ടായിരിക്കാനുള്ള സാധ്യത പാടെ തള്ളിക്കളയാനും ചില ശാസ്ത്രജ്ഞർ ഒരുക്കമല്ല. ഭൂമിയുടേതിന് സമാനമായ മർദ്ദവും, തണുപ്പുമുള്ള ഇടങ്ങളിലാണ് മൈക്രോബുകൾ കണ്ടേക്കാം എന്നു കരുതപ്പെടുന്നത്. ശുക്രനിലെ മേഘങ്ങളിൽ ഫോസ്ഫീൻ കണ്ടു എന്ന് ചില ഗവേഷകർ പറയുന്നു. ഇത് മൈക്രോബിയൽ ലൈഫ് ഉണ്ടെന്നുള്ളതിന്റെ സൂചനയാണ് എന്നും കരുതപ്പെടുന്നു.

ശുക്രയാൻ-1 ദൗത്യം വിക്ഷേപണത്തെ സംബന്ധിച്ച സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാൽ, ഇതാദ്യമായല്ല ഒരു ശുക്രദൗത്യം നടക്കുക. യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയുടെ വീനസ് എക്‌സ്പ്രസും, ജപ്പാന്റെ അകറ്റ്‌സുകി വീനസ് ക്ലൈമറ്റ് ഓർബിറ്ററും വീനസിലേക്ക് അയച്ചവയാണ്. വീനസിന്റെ പ്രതലത്തിന്റെ അത്ഭുതപ്പെടുത്തുന്ന ചില ഫോട്ടോകൾ പിടിച്ചെടുത്ത നാസയുടെ പാർക്കർസോളാർ പ്രോബും ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്.

Top