ന്യൂഡല്‍ഹി: വന്‍ ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് വിക്ഷേപിക്കാനൊരുങ്ങി ഐ എസ് ആര്‍ ഒ. നാല് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാനുള്ള ശേഷിയുള്ള റോക്കറ്റാണിത്. അടുത്ത മാസം ശ്രീഹരിക്കോട്ടയില്‍ നിന്നാണ് പുതിയ റോക്കറ്റ് കുതിച്ചുയരുക.
നിലവില്‍ ഐ എസ് ആര്‍ ഒ റോക്കറ്റുകള്‍ക്ക് 2.2 ടണ്‍ വരെ ശേഷിയുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി മാത്രമേയുള്ളൂ. എന്നാല്‍ അടുത്ത മാസം ജി എസ് എല്‍ വി -എം കെ3-ഡി 1 എന്ന റോക്കറ്റ് വിക്ഷേപണത്തോടെ ഉപഗ്രഹ വിക്ഷേപണത്തിലെ ഐ എസ് ആര്‍ ഒയുടെ ചരിത്ര നിമിഷമാവും അത്. നാല് ടണ്‍ വരെയാണ് ഇതിന്റെ വാഹക ശേഷി. അടുത്ത മാസമാണ് ജി എസ് എല്‍ വി -എം കെ3-ഡി1 വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ അറിയിച്ചു. ഇത്തരത്തില്‍ ഒരു റോക്കറ്റിന്റെ കൂടി നിര്‍മ്മാണം ഈ വര്‍ഷം ഐ എസ് ആര്‍ ഒ ലക്ഷ്യം വെക്കുന്നുണ്ട്.
നാല് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിജയകരമായി പുതിയ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്നതോടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ക്രമേണ കുറച്ചുകൊണ്ടുവരാനാകും. ഭാവിയില്‍ ഇവിടെ നിര്‍മ്മിക്കുന്ന ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ സ്വന്തം റോക്കറ്റുകള്‍ ഉപയോഗിച്ച് തന്നെ വിക്ഷേപിക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ഐഎസ്ആര്‍ഒയ്ക്കുള്ളത്.
ജി എസ് എല്‍ വി -എം കെ3-ഡി 1 വഹിക്കുന്ന ജി സാറ്റ് 19 ഉപഗ്രഹത്തിന് 3200 കിലോ ഭാരമുണ്ട്. 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രം കുറിച്ച ഇന്ത്യയുടെ പി എസ് എല്‍ വി സി വഹിച്ച ഉപഗ്രങ്ങളുടെ ആകെ ഭാരം വെറും 1500 കിലോഗ്രാം മാത്രമായിരുന്നു.