ഇന്ത്യയിലെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം-1ന് ഐഎസ്ആര്‍ഒയുടെ പിന്തുണ

ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ഉപകരിക്കുന്ന വിക്രം-1 റോക്കറ്റ് വികസിപ്പിച്ചെടുത്ത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈറൂട്ട് എയറോസ്‌പേസ്. ഒരു സ്വകാര്യ സ്ഥാപനം രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുക്കുന്ന ഇന്ത്യയിലെ ആദ്യ ബഹിരാകാശ റോക്കറ്റാണിത്. റോക്കറ്റിനു പിന്തുണ നൽകി കൊണ്ട് സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റും കമ്പനിയും തമ്മില്‍ നോണ്‍-ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പിട്ടു. ഈ കരാറിലൂടെ സ്‌കൈറൂട്ട് എയറോസ്‌പേസിന് അവരുടെ റോക്കറ്റ് വിക്ഷേപണത്തിന് വേണ്ടി ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ ലഭ്യമായ സാങ്കേതിക വൈദഗ്ദ്യവും സൗകര്യങ്ങളും പ്രയോജനപ്പെടുത്താനാവും. ഇത് സംബന്ധിച്ച വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള കരാറാണ് ഇരു സ്ഥാപനങ്ങളും ഒപ്പിട്ടത്.

സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ സൈന്റിഫിക് സെക്രട്ടറി ആര്‍. ഉമാമഹേശ്വരനും സ്‌കൈ റൂട്ട് എയറോസ്‌പേസ് സിഇഒ പവന്‍ കുമാര്‍ ചന്ദനയും ചേര്‍ന്നാണ് കരാറൊപ്പിട്ടത്. ഐഎസ്ആര്‍ഒ മേധാവി ഡോ. കെ. ശിവന്‍ സ്‌കൈറൂട്ടിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐഎസ്ആര്‍ഓയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഔദ്യോഗികമായ തുടക്കമാണിതെന്ന് പവന്‍കുമാര്‍ ചന്ദന പറഞ്ഞു.

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനാണ് ചന്ദന. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരായിരുന്ന നാഗ ഭരത് ധാക, വാസുദേവന്‍ ജ്ഞാനഗന്ധി എന്നിവരുമായി ചേര്‍ന്നാണ് അദ്ദേഹം സ്‌കൈ റൂട്ടിന് തുടക്കമിട്ടത്. 2021 അവസാനത്തോടെ കമ്പനിയുടെ ആദ്യ റോക്കറ്റ് വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. റോക്കറ്റിന്റെ പരിശോധനകളും, യോഗ്യതയും ഐഎസ്ആര്‍ഒ നടത്തും. സാധാരണ രീതിയില്‍ തന്നെ നിര്‍മിച്ചെടുത്ത റോക്കറ്റാണ് വിക്രം-1. ഏറ്റവും കുറഞ്ഞ ചിലവില്‍ വിക്ഷേപണം നടത്താനാകുമെന്ന് കമ്പനി പറയുന്നു. ഇതിന് വളരെ ചുരുങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം മതിയെന്നും 24 മണിക്കൂറില്‍ തന്നെ സംയോജനവും വിക്ഷേപണവും നടത്താനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.

Top