ഐഎസ്ആര്‍ഒ ചാരക്കേസ് ; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

supreame court

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവരില്‍ നിന്നുമാണ് പണം ഈടാക്കുക.

നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചുവെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല.

നമ്പി നാരായണന്റെ നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഒരുവിധ തെളിവും ഇല്ലെന്ന് കണ്ടെത്തിയ കേരള ഹൈക്കോടതി 2012ല്‍ നമ്പി നാരായണനെ വെറുതെ വിട്ടിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി വിധിച്ചിരുന്നു.

അതേസമയം ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെതിരെയാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന് കസ്റ്റഡി പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇതേകുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്നും വാദത്തിനിടെ സിബിഐ അറിയിച്ചിരുന്നു.

ഉന്നത വ്യക്തിത്വമുള്ള ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്ത് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നും നമ്പി നാരായണന് നീതി കിട്ടണമെന്നും അതിന് കോടതി മറുപടി നല്‍കിയിരുന്നു.

Top