ഐഎസ്ആര്‍ഒ ചന്ദ്രനിലേക്ക് ആളെ അയക്കും, ഇപ്പോഴല്ലെന്ന് ചെയര്‍മാന്‍ കെ ശിവന്‍

ന്യൂഡല്‍ഹി: ഐ എസ് ആര്‍ ഒ ചന്ദ്രനിലേക്ക് ആളെ അയക്കുന്ന ദൗത്യമുണ്ടാകുമെന്നും എന്നാല്‍ ഇപ്പോഴില്ലെന്നും ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബഹിരാകാശത്തേക്ക് ആളെ എത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്‍യാന്റെ വിക്ഷേപണം 2021 ഡിസംബര്‍ 21ന് നടക്കും. ദൗത്യത്തിനുവേണ്ടി നാല് യാത്രികരെ തിരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു.

ഗഗന്‍യാനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരും വിദഗ്ധ പരിശീലനത്തിനായി ഈ മാസം അവസാനത്തോടെ റഷ്യയിലേക്കു പോകും. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ യാത്രികര്‍ ബഹിരാകാശത്തെത്തുക തദ്ദേശീയമായി നിര്‍മിച്ച പേടകത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ചാന്ദ്രയാന്‍-2 ദൗത്യം അവസാനഘട്ടത്തിലെ പിഴവ് കാരണം പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു ഐഎസ്ആര്‍ഒ ചാന്ദ്രയാന്‍-3 ദൗത്യം പ്രഖ്യാപിച്ചത്.

Top