ഡൽഹി: ഐ.എസ്.ആർ.ഒ. ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതിയായ മുൻ ഡി.ജി.പി. സിബി മാത്യൂസിന് അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. സുപ്രീം കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് അപ്പീൽ. എന്നാൽ ഗൂഢാലോചന തെളിയിക്കുന്നതിന് സിബി മാത്യൂസിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് സി.ബി.ഐ. സുപ്രീം കോടതിയിൽ ഫയൽചെയ്തിരിക്കുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഐ.എസ്.ആർ.ഒ. ഗൂഢാലോചന കേസിലെ നാലാം പ്രതിയായ സിബി മാത്യൂസിന് തിരുവനന്തപുരത്തെ സെഷൻസ് കോടതി 2021 ഓഗസ്റ്റിലാണ് മുൻകൂർജാമ്യം അനുവദിച്ചത്. മുൻകൂർജാമ്യത്തിന് 60 ദിവസത്തെ സമയപരിധി സെഷൻസ് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശത്തിന് എതിരെ സിബി മാത്യൂസ് നൽകിയ അപ്പീലിൽ ഹൈക്കോടതി സമയപരിധി നീക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സി.ബി.ഐ. സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസ് അന്വേഷണത്തിന് സിബി മാത്യൂസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. മുൻകൂർജാമ്യം അനുവദിക്കുമ്പോൾ സെഷൻസ് കോടതി അനുവദിച്ച കാലപരിധി അവസാനിച്ചു. മുൻകൂർജാമ്യം എന്നാൽ വിചാരണ കഴിയുന്നതുവരെയുള്ള ജാമ്യമല്ലെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, ജെ.ബി. പർഡിവാല എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച സി.ബി.ഐയുടെ ഹർജി പരിഗണിക്കും.
Also Read
കേസിലെ പ്രതികളായ ഇന്റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, എസ്. വിജയൻ, തമ്പി എസ്. ദുർഗ്ഗാദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.