ചന്ദ്രയാൻ 3 ലാൻഡറുമായി ആശയവിനിമയം സ്ഥാപിച്ച് ഐഎസ്ആർഒ; ദൃശ്യങ്ങൾ പുറത്തുവിട്ടു

ബെംഗളൂരു : ചന്ദ്രയാൻ 3 ലാൻഡറുമായി ആശയവിനിമയം സ്ഥാപിച്ച് ഐഎസ്ആർഒ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഐഎസ്ആർഒ ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിലേക്ക് ഇറങ്ങുന്ന സമയത്തെ ചിത്രങ്ങളും അയച്ചു. ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.

‘ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യത്തിലെത്തി. നിങ്ങളും’ – ഐഎസ്ആര്‍ഒ ആണ് ഇത്തരമൊരു കുറിപ്പ് ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയ ശേഷം എക്‌സില്‍ കുറിച്ചത്. ഇന്ത്യ ഇപ്പോള്‍ ചന്ദ്രനിലാണുള്ളതെന്നായിരുന്നു ദൗത്യ വിജയത്തിന് പിന്നാലെ ഐഎസ്ആര്‍ഒ തലവന്‍ എസ്.സോമനാഥിന്റെ പ്രതികരണം.

ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ വൈകിട്ട് 6.03ന് ചന്ദ്രനിൽ ഇറങ്ങി. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവുമായി.

Top