ആളെ അയക്കാന്‍ കഴിയുന്ന റോക്കറ്റ് പരീക്ഷണം ജൂണില്‍, നാലാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് ആളെ അയക്കാന്‍ കഴിയുന്ന ജി.എസ്.എല്‍.വി എംകെ 3 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് ജൂണ്‍ ആദ്യം പരീക്ഷിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണിത്. റോക്കറ്റിന്റെ നിർമ്മാണം ഐഎസ്ആര്‍ഒ പൂർത്തിയാക്കി.

ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപണം. ബഹിരാകാശത്തേക്ക് ഇന്ത്യന്‍ മണ്ണില്‍ നിന്ന് ആളെ അയക്കാനുള്ള ദൗത്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ഈ റോക്കറ്റ്.

ആറു തവണയെങ്കിലും പരീക്ഷണം നടത്തി വിജയിച്ചാല്‍ ഇന്ത്യക്കാരനെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യയുണ്ടാക്കിയ റോക്കറ്റില്‍ സ്‌പേസിലേക്ക് അയക്കാനുള്ള വാഹനമായി ജി.എസ്.എല്‍.വി എംകെ 3 മാറും.

റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ആളുകളെ ബഹിരാകാശത്തേക്ക് അയച്ചിട്ടുള്ളത്. ഈ നിരയിലെ നാലാമത്തെ രാജ്യമായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച് സ്‌പേസിലേക്ക് ആദ്യം അയക്കുക ഒരു വനിതാ ബഹിരാകാശ യാത്രികയെ ആയിരിക്കുമെന്ന് ഐഎസ്ആര്‍ഒ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ജി.എസ്.എല്‍.വി എംകെ 3 റോക്കറ്റിന് നാല് ടണ്‍ വരെ ഭാരമുളള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയും. 43 മീറ്റര്‍ നീളമുള്ള റോക്കറ്റില്‍ ഇന്ത്യ വികസിപ്പിച്ച ക്രയോജനിക് എഞ്ചിനാണ് ഉപയോഗിക്കുക.

ഏകദേശം 300 കോടി രൂപ ചിലവിട്ടാണ് ഇന്ത്യ ഈ പുതിയ റോക്കറ്റ് നിര്‍മ്മിച്ചത്.

നിലവില്‍ രണ്ട് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ഇതുവരെ ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുവന്നത്. ഒന്ന് പിഎസ്എല്‍വിയും മറ്റൊന്ന് ജിഎസ്എല്‍വി മാര്‍ക്ക് 2 ഉം. ഒന്നര ടണ്‍വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന പിഎസ്എല്‍വിയാണ് ചാന്ദ്രദൗത്യത്തിനും ചൊവ്വാ ദൗത്യത്തിനും വാഹനമായി ഐഎസ്ആര്‍ഒ ഉദ്ദേശിക്കുന്നത്.

Top