ബംഗളൂരു: സൂര്യ രഹസ്യങ്ങള്‍ തേടി ആദിത്യ എല്‍1 സെപ്റ്റംബര്‍ രണ്ടിനാണ് ആന്ധ്രയിലെ ശ്രീഹരികോട്ടയില്‍ ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ പി.എസ്.എല്‍.വി സി 57 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ചത്. യാത്ര വിജയകരമായി തുടരുന്നതായും പേടകം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും ഐ.എസ്.ആര്‍.ഒ. ഒക്ടോബര്‍ ആറിന് യാത്രാപഥത്തില്‍ നേരിയ മാറ്റം (ട്രാജക്ടറി കറക്ഷന്‍ മാനുവര്‍ (ടി.സി.എം)) വരുത്തിയെന്നും ഇതിനായി 16 സെക്കന്‍ഡ് എന്‍ജിന്‍ ജ്വലിപ്പിച്ചതായും ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക.
ലഗ്രാഞ്ചിയന്‍ 1 പോയന്റില്‍ പേടകത്തെ എത്തിക്കുന്നതിന്റെ കൃത്യത ഉറപ്പാക്കാനാണ് യാത്രാപഥത്തില്‍ നേരിയ മാറ്റം ഇപ്പോള്‍ വരുത്തിയത്. ഭൂമിയെ വലംവെക്കുന്നത് പൂര്‍ത്തിയാക്കിയ ആദിത്യ എല്‍1നെ സെപ്റ്റംബര്‍ 19നാണ് ലഗ്രാഞ്ചിയന്‍ പാതയിലേക്ക് മാറ്റുന്ന ട്രാന്‍സ് ലഗ്രാഞ്ചിയന്‍ ഇന്‍സേര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ലഗ്രാഞ്ചിയന്‍ പാതയിലൂടെയായിരുന്നു യാത്ര.
ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കില്‍ (ഇസ്ട്രാക്) നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ആദിത്യ നീങ്ങുന്നത്. ആദിത്യയുടെ യാത്രക്കിടെ അഡ്വാന്‍സ്ഡ് ട്രൈ-ആക്‌സിയല്‍ ഹൈ റെസലൂഷന്‍ ഡിജിറ്റല്‍ മാഗ്‌നെറ്റോ മീറ്റര്‍ (MAG) വീണ്ടും പ്രവര്‍ത്തിപ്പിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള പേലോഡ് ആണിത്. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വര്‍ഷം നീണ്ട പ്രധാന ദൗത്യം.
സൂര്യനെ കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ആദിത്യ എല്‍1 ശേഖരിക്കാന്‍ തുടങ്ങിയെന്ന വാര്‍ത്ത ഐ.എസ്.ആര്‍.ഒ നേരത്തെ പുറത്തുവിട്ടിരുന്നു. ഭൂമിക്ക് 50,000 കിലോമീറ്ററിലധികം അകലെയുള്ള ഉഷ്ണ-ഊര്‍ജ-വൈദ്യുത കണങ്ങളാണ് പേടകത്തിലെ സ്റ്റെപ്‌സ്-1 (STEPS-1) ഉപകരണത്തിന്റെ സെന്‍സറുകള്‍ അളക്കാന്‍ തുടങ്ങിയത്. ഭൂമിക്കു ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവ വിശകലനത്തിന് ശാസ്ത്രജ്ഞരെ സഹായിക്കുന്ന വിവരങ്ങളാണിവ.