തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 55ന്റെ വിക്ഷേപണം വിജയകരം. സിംഗപ്പൂരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തുന്നത്. ടെലോസ്2, ലൂമെലൈറ്റ്4 എന്നീ രണ്ട് ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തില്‍ എത്തുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ പാഡില്‍ നിന്നുമാണ് വിക്ഷേപണം നടന്നത്. പിഎസ്എല്‍വിയുടെ 57മത് വിക്ഷേപണമായിരുന്നു ഇത്. ഈ രണ്ട് ഉപഗ്രഹങ്ങള്‍ക്കു പുറമേ ഐഎസ്ആര്‍ഒയുടെ പോയം മോഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമായിരുന്നു. ടെലോസ്-2 ഒരു ഇമേജറി ഉപഗ്രഹമാണ്. 740 കിലോഗ്രാം ഭാരമാണ് ടെലോസ്-2വിനുളളത്. ഇ- നാവിഗേഷനും കടല്‍ ഗതാഗത സുരക്ഷയും ലക്ഷ്യമിട്ടുളളതാണ് ലൂമിലൈറ്റ് 4 ഉപഗ്രഹം.
പോയം വഹിക്കുന്ന പിഎസ്എല്‍വിയുടെ മൂന്നാമത്തെ ദൗത്യമാണിത്. പിഎസ്എല്‍വിസി53 ആയിരുന്നു പോയമുമായി ആദ്യം വിക്ഷേപിച്ചത്. പോയമിന്റെ പ്രവര്‍ത്തന കാലാവധി ഒരു മാസമാണ്. മുന്‍പ് റോക്കറ്റുകള്‍ വിക്ഷേപണത്തറയില്‍ എത്തിച്ചാണ് അസംബിള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ പിഎസ്എല്‍വി ഇന്റഗ്രേഷന്‍ ഫെസിലിസ്റ്റി എന്ന കേന്ദ്രത്തിലാണ് അസംബ്ലിങ് നടത്തിയത്.