ആയുധ കരുത്തില്‍ ഇന്ത്യയ്ക്ക് കൈ കൊടുത്ത റഷ്യയ്ക്ക് ബഹിരാകാശ ദൗത്യത്തില്‍ കൈ കൊടുക്കാന്‍ ഇനി ഇന്ത്യയും. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ് കോസ് മോസുമായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതു സംബന്ധമായ നിര്‍ണ്ണായക ചര്‍ച്ച വ്‌ളാദിവൊസ് ടോക്ക് ഉച്ചകോടിയിലാണുണ്ടാകുക.
കിഴക്കന്‍ സാമ്പത്തിക ഉച്ചകോടിക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പ്രത്യേക കൂടികാഴ്ച തന്നെ നടത്തുന്നുണ്ട്. ഉച്ചകോടിയുടെ മുന്നോടിയായി റഷ്യയിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ദിമിത്രി റൊഗോസിനുമായി ഇതിനകം തന്നെ ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. മോദി- പുടിന്‍ ചര്‍ച്ചയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും.
ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത പങ്കാളിയാണ് റഷ്യ. അത് സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ പിന്തുടരുന്നതാണ്. ഈ രണ്ട് രാജ്യങ്ങളിലെ ഭരണമാറ്റങ്ങളൊന്നും തന്നെ ഈ അടിയുറച്ച ബന്ധത്തെ ഒരിക്കല്‍ പോലും ബാധിച്ചിട്ടില്ല.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറ്റവും ശക്തമായ പിന്തുണ നല്‍കി ആദ്യം രംഗത്ത് വന്ന രാജ്യവും റഷ്യയാണ്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതില്‍ എതിര്‍പ്പുള്ള ചൈനക്ക് പോലും കടുത്ത നിലപാടിലേക്ക് പോകാന്‍ കഴിയാതിരുന്നത് റഷ്യയുടെ ഈ കട്ട സപ്പോട്ട് മൂലമായിരുന്നു.
പാക്കിസ്ഥാനുമായുള്ള ആയുധ ഇടപാട് അടുത്തയിടെയാണ് ഇന്ത്യയുടെ ആവശ്യം മാനിച്ച് റഷ്യ റദ്ദാക്കിയിരുന്നത്. ഇന്ത്യയെ വിട്ടുള്ള ഒരു കളിയുമില്ലന്ന ഉറച്ച നിലപാടിലാണ് ആ രാജ്യം. അമേരിക്കയുടെ ആധുനിക വിമാനങ്ങളെപ്പോലും ഭസ്മമാക്കുന്ന റഷ്യയുടെ എസ്- 400 ട്രയംഫ് ഇന്ത്യയ്ക്കു നല്‍കാനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്. ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ടെക്‌നോളജിയാണിത്. റഷ്യയുടെ ഈ ശക്തമായ പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുമിപ്പോള്‍ സഹകരണം ശക്തമാക്കുന്നത്. ലോകത്തിന് മുന്നില്‍ വിസ്മയമായ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി റഷ്യയുമായി കൈകോര്‍ക്കുന്നതിലൂടെ ഇരു രാജ്യങ്ങള്‍ക്കും വലിയ നേട്ടമാണുണ്ടാകുക.
ഇന്ത്യയുടെ ചന്ദ്രയാന്‍- 2 വിക്ഷേപണം ഇപ്പോള്‍ വിജയ തീരത്തോടടുക്കുന്നതിനെ റഷ്യയും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ജൂലൈ 22 ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച പേടകം സെപ്തംബര്‍ ഏഴിനാണ് ചന്ദ്രനില്‍ ഇറങ്ങുക. അതായത് ചരിത്രത്തില്‍ ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന പേടകമായി ഇന്ത്യയുടെ ചന്ദ്രയാന്‍- 2 മാറും.
ചന്ദ്രയാന്‍- 2 ഉപഗ്രഹത്തെ ചാന്ദ്ര ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം ഇപ്പോള്‍ ആദ്യമായി ഭ്രമണപഥത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചന്ദ്രനില്‍ ഇറങ്ങുന്നതിനു മുന്നോടിയായുള്ള ഭ്രമണപഥം താഴ്ത്തലിന്റെ ആദ്യഘട്ടമാണ് വിജയകരമായി പിന്നിട്ടിരിക്കുന്നത്. ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4,412 കിലോമീറ്റര്‍ കൂടിയ അകലവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍- 2 ഇപ്പോഴുള്ളത്. സെപ്റ്റംബര്‍ 1 വരെ ഭ്രമണപഥം മാറ്റി ചന്ദ്രനിലേക്ക് അകലം കുറയ്ക്കുന്ന പ്രക്രിയ തുടരും. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ 1 തീയതികളിലായാണ് നടക്കുക.
ഓഗസ്റ്റ് 20നു രാവിലെ 8.34നും 9.02നും ഇടയിലായിരുന്നു ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍- 2 കടന്നിരുന്നത്. 28 മിനിറ്റു നേരം പേടകത്തിലെ എന്‍ജിന്‍ ജ്വലിപ്പിച്ചായിരുന്നു ആ പ്രക്രിയ. ആ സമയത്ത് നെഞ്ചിടിപ്പു നിലച്ച അവസ്ഥയിലായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ തന്നെ പറയുന്നുണ്ട്. ചന്ദ്രന് ചുറ്റും 90 ഡിഗ്രി ചെരിവോടെ ഭ്രമണപഥം സാധിച്ചെടുത്തില്ലായിരുന്നെങ്കില്‍ ചന്ദ്രയാനു ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ സാധിക്കുമായിരുന്നില്ല.
ഭ്രമണപഥം മാറുന്ന പ്രക്രിയയ്ക്കിടെ 10 സെന്റിമീറ്ററിന്റെ വ്യത്യാസം വന്നിരുന്നെങ്കില്‍ പോലും അതു ഭ്രമണപഥത്തെയും അതുവഴി ചന്ദ്രയാന്‍- 2 ലാന്‍ഡര്‍ ഇറങ്ങേണ്ടയിടത്തെയും ബാധിക്കുമായിരുന്നു. എന്നാല്‍ ഇതെല്ലാം കൃത്യമാക്കിയായിരുന്നു ഐ.എസ്.ആര്‍.ഒയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നീക്കങ്ങള്‍. ഇനി എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ പേടകമായി ചന്ദ്രയാന്‍- 2 മാറും.
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഇന്ത്യ നമ്പര്‍ വണ്‍ ശക്തിയാകുന്നതിന്റെ വിളംബരമാണ് ഇതോടെ നടക്കാന്‍ പോകുന്നത്. ഒരു ലോക രാജ്യത്തിന്റെയും സഹായമില്ലാതെ, അവര്‍ പോലും പരീക്ഷിക്കാന്‍ ധൈര്യപ്പെടാത്ത മേഖലയിലാണ് ചന്ദ്രയാന്‍- 2 കാലു കുത്തുവാന്‍ പോകുന്നത്.
ഓര്‍ബിറ്റര്‍, ലാന്റര്‍, റോവര്‍ എന്നിവയടങ്ങുന്നതാണ് ചന്ദ്രയാന്‍-2 പേടകം. സാരാഭായിയുടെ ഓര്‍മയ്ക്കായി ലാന്ററിന് വിക്രം എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ കാര്യങ്ങളെല്ലാം നിശ്ചയിച്ചപോലെ നീങ്ങിയിട്ടുണ്ടെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചന്ദ്രയാന്‍-2 നു ശേഷം ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഒരു പദ്ധതി ഡിസംബറില്‍ തുടങ്ങാനും ഐ.എസ്.ആര്‍.ഒ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയിലെ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വന്‍കിട കമ്പനികളാണ് ഇതിനായി ക്യൂ നില്‍ക്കുന്നത്. മുന്‍കാലങ്ങളിലൊന്നും ഇല്ലാത്ത തരത്തില്‍ വലിയ മുന്നേറ്റത്തിലേക്കാണ് ഇന്ത്യയിപ്പോള്‍ കുതിക്കുന്നത്.
ലേറ്റായിട്ടും ലേറ്റസ്റ്റായി തന്നെ ചന്ദ്രയാന്‍- 2 പറന്നപ്പോള്‍ കണ്ണ് മിഴിച്ചതും ഈ ലോക രാഷ്ട്രങ്ങള്‍ തന്നെയായിരുന്നു. അമേരിക്കയും റഷ്യയും ഫ്രാന്‍സും ഉള്‍പ്പെടെ സകല ലോകശക്തികളെയും അത്ഭുതപ്പെടുത്തിയാണ് ചന്ദ്രയാന്‍- 2 കുതിച്ചുയര്‍ന്നത്. റോക്കറ്റ് വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടി വന്നിട്ടു പോലും ചന്ദ്രനില്‍ ഇറങ്ങുന്ന സമയം നീട്ടിവയ്ക്കാതെ ക്രമീകരിക്കാന്‍ കഴിഞ്ഞത് നാസയെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.
ജൂലൈ 15ന് പുലര്‍ച്ചെ 2.15നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക്- 3 റോക്കറ്റില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. ക്രയോജനിക് സ്റ്റേജില്‍ ഹീലിയം വാതക ചോര്‍ച്ചയാണ് കണ്ടെത്തിയിരുന്നത്. ഇതേതുടര്‍ന്ന് അടിയന്തരമായി വിക്ഷേപണം മാറ്റിവച്ച് തകരാര്‍ പരിഹരിക്കുകയായിരുന്നു. ഇതിനു ശേഷമായിരുന്നു ജൂലൈ 22ന് വിക്ഷേപണം നടത്തിയിരുന്നത്.
1,000 കോടിയോളം രൂപ ചെലവിടുന്ന ഇന്ത്യയുടെ ഈ പരീക്ഷണം വിജയിക്കുമെന്ന കാര്യത്തില്‍ അമേരിക്കയിലേയും റഷ്യയിലേയും ശാസ്ത്രജ്ഞര്‍ക്ക് പോലും വലിയ ആത്മവിശ്വാസമാണുള്ളത്. ചെറിയ പിഴവ് പോലും കണ്ടെത്തി അത് പെട്ടെന്ന് പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതാണ് അവരുടെ പ്രതീക്ഷയുടെ അടിസ്ഥാനം.
പര്യവേക്ഷണത്തിനുള്ള 14 പേ ലോഡുകളുമായാണ് പേടകം ചന്ദ്രനില്‍ ഇറങ്ങുക. ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് പോലെ ഒരു സോഫ്റ്റ് ലാന്റിങ് ആയിരിക്കുമത്. ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയെയാണ് സോഫ്റ്റ് ലാന്റിങ് എന്നു പറയുന്നത്.
റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്. എന്നാല്‍ ഈ രാജ്യങ്ങള്‍ പോലും ചന്ദ്രന്റെ ദക്ഷിണാര്‍ധ ഗോളത്തില്‍ എത്തിയിട്ടില്ല. ഇന്ത്യ ഇപ്പോള്‍ ആ സാഹസത്തിന് മുതിര്‍ന്നത് ലോക രാഷ്ട്രങ്ങളെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.
എവിടെയെല്ലാം ജീവന്റെ ഉല്‍പ്പത്തിയുണ്ട് എന്നതടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനുള്ള സയന്‍സ് മിഷനാണ് ചന്ദ്രയാന്‍- 2. ഭൂമിക്ക് അപ്പുറത്തേക്ക് വളരാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണിത്. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാന്‍- 1 ആയിരുന്നു. അതുകൊണ്ട് തന്നെ ചന്ദ്രയാന്‍- 2 വിനെ ലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണ് ചന്ദ്രയാന്‍- 2. ഓര്‍ബിറ്ററും ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാന്‍- 2 പേടകത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത് മലയാളിയായ പി.കുഞ്ഞികൃഷ്ണനാണ്.
14 പേ ലോഡുകളില്‍ എട്ട് എണ്ണം ഭ്രമണം ചെയ്യുന്നതും മൂന്നെണ്ണം ചന്ദ്രനില്‍ ഇറങ്ങുന്നതുമാണ്. മറ്റു രണ്ടെണ്ണം ചന്ദ്രനില്‍ ഇറങ്ങിയ ശേഷം സഞ്ചരിക്കുന്നവയാണ്. 3.8 ടണ്‍ ഭാരമുള്ള ബഹിരാകാശ വാഹനത്തിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം, ചന്ദ്രനില്‍ ഇറങ്ങുന്നത്, ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്നത് എന്നിവയാണിത്.
ചെലവു ചുരുക്കലിന്റെ കാര്യത്തിലും ലോകരാഷ്ട്രങ്ങളെ വിസ്മയിപ്പിച്ചിരിക്കുകയാണിപ്പോള്‍ ഐ.എസ്.ആര്‍.ഒ. ഒരു ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രത്തിന്റെ നിര്‍മ്മാണത്തേക്കാള്‍ കുറഞ്ഞ തുകയാണ് ആകെ ചെലവു വന്നിരിക്കുന്നത്.
ജി.എസ്.എല്‍.വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക്ക്-3 ആണ് ചന്ദ്രയാന്‍-2 വഹിച്ചത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള ഈ റോക്കറ്റ് ഐ.എസ്.ആര്‍.ഒയുടെ ഫാറ്റ്ബോയ് എന്നാണറിയപ്പെടുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ഡയറക്ടര്‍ എസ്. സോമനാഥിന്റെ നേതൃത്വത്തിലാണ് ജിഎസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റിനു രൂപം നല്‍കിയത്.
നാല് ടണ്‍ വരെ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്. ഒരു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാന്‍-1 വിക്ഷേപിച്ചിരുന്നത്.
ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യവും, ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണവുമെല്ലാം ചന്ദ്രയാന്‍-1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍-2വിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
Staff Reporter