ഐഎസ്ആര്‍ഒ ചാരക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കുരുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗ്ഗാദത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന നിലയ്ക്ക് മാത്രമാണ് പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണം ഉയര്‍ന്നത് സംശയാസ്പദമെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു.

സിബിഐ കേസന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷിക്കുന്ന സിബിഐ ദില്ലി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ തലസ്ഥാനത്തെത്തി. നാളെ പരാതിക്കാരായ നമ്പിനാരായണന്റെ മൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം സിബിഐ ഓഫീസിലാകും മൊഴിയെടുക്കുക.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിഐജി സന്തോഷ് ചാല്‍ക്കേ നാളെ തിരുവനന്തപുരത്തെത്തും. ചാരക്കേസ് അന്വേഷിച്ച കേരള പൊലീസിലെയും ഐബിയിലെയും 18 ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. പ്രതിചേര്‍ക്കപ്പെട്ടവര്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യ ഹര്‍ജിയെ എതിര്‍ക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുമെന്ന സൂചനയുമുണ്ട്.

 

Top