കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. കേസിലെ ഏഴാം പ്രതി ആര്‍.ബി.ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി ഒരാഴ്ചത്തേയ്ക്കു കൂടി നീട്ടി. നേരത്തേ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞ മറ്റു പ്രതികളുടെ അറസ്റ്റ് വിലക്ക് തുടരാനും കോടതി നിര്‍ദേശിച്ചു.
കേസ് പരിഗണിക്കാന്‍ എടുക്കുമ്പോള്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന സിബിഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണു കേസ് മാറ്റിവച്ചത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് സിബിഐക്കു വേണ്ടി ഹാജരായത്. സുപ്രീം കോടതിയില്‍ നിന്നുള്ള അഭിഭാഷകനെ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് കേസ് നീട്ടിവയ്ക്കാനുള്ള അഭ്യര്‍ഥന എന്നാണ് വ്യക്തമാകുന്നത്.
അടുത്ത ദിവസം സിബിഐക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഗൂഢാലോചനക്കേസ് പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണമാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉയര്‍ത്തിയത്. ചാരക്കേസ് ഗൂഢാലോചനയില്‍ പാക്കിസ്ഥാന്‍ ബന്ധമുണ്ടോ എന്നു സംശയിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.