തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ഉള്‍പ്പെടെയുള്ള നപടികളിലേക്ക് കടക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബി മാത്യൂസ് അടക്കം പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്.
നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദമാണ് ജില്ലാ സെക്ഷന്‍സ് കോടതി കേട്ടത്. ദിവസങ്ങളോളം വാദം നീണ്ടിരുന്നു.
റോയും ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് എന്നാണ് സിബി മാത്യൂസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തതിനാല്‍ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് നമ്പി നാരായണനും മറിയം റഷീദയും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് കോടതി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.