ഐഎസ്ആര്‍ഒ ചാരക്കേസ്; പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടി

kerala hc

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടി. അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതികളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ബുധനാഴ്ച വീണ്ടും പരിഗണിക്കും.

നമ്പി നാരായണനെ ചോദ്യം ചെയ്തില്ലെന്നു കേസില്‍ പ്രതിയായ ആര്‍ ബി ശ്രീകുമാര്‍ കോടതിയെ അറിയിച്ചു. പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യഹര്‍ജികള്‍ തള്ളണമെന്ന് സിബിഐ വാദിച്ചു. ചാരക്കേസില്‍ രാജ്യത്തിനെതിരായ ഗൂഢാലോചന ഉണ്ടെന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു.

ഒന്നാം പ്രതി എസ്.വിജയന്‍, രണ്ടാം പ്രതി തമ്പി എസ്.ദുര്‍ഗാദത്ത്, ഏഴാം പ്രതി ആര്‍.ബി.ശ്രീകുമാര്‍, പതിനൊന്നാം പ്രതി പിഎസ് ജയപ്രകാശ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നും സിബിഐ അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തുന്നുവെന്നുമാണ് പ്രതികളുടെ വാദം.

എന്നാല്‍ രാജ്യത്തിന്റെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചാരക്കേസിന് പിന്നിലെന്നാണ് സിബിഐ വാദം. പ്രതികള്‍ക്ക് ഇതിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

 

 

Top