ബംഗലൂരു : വിദേശരാജ്യങ്ങളുടെ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പിഎസ്എല്‍വി 38 കുതിച്ചുയര്‍ന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് രാവിലെ 9.29നാണ് വിക്ഷേപണം നടന്നത്.
കാര്‍ട്ടോസാറ്റ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ച 712 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ് 2ഇ. വിദൂര സംവേദന സേവനങ്ങളാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. ഒപ്പം ഭൗമ നിരീക്ഷത്തിനും ഇത് ഉപയോഗിക്കും.
ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ലാത്‌വിയ, ലിത്വാനിയ, സ്‌ലോവാക്യ തുടങ്ങിയ രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളാണ് ഇന്ന് വിക്ഷേപിച്ചത്.
31 ചെറുഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 243 കിലോഭാരമാണുള്ളത്. ഒന്ന് കന്യാകുമാരി നൂറുള്‍ ഇസ്‌ളാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചതാണ്.
ഫെബ്രുവരിയില്‍ ഐഎസ്ആര്‍ഒ ഒറ്ററോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ശ്രീഹരിക്കോട്ടയില്‍നിന്നു ഒരു വലിയ ഉപഗ്രഹവും 103 നാനോ ഉപഗ്രഹങ്ങളുമാണു പിഎസ്എല്‍വിസി 37 ഉപയോഗിച്ചു വിക്ഷേപിച്ചത്. ഇതുവരെ ഒരു ബഹിരാകാശ ഏജന്‍സിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല.