തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണവാഹനമായ പിഎസ്എല്‍വി ‘സി 42’ ബ്രിട്ടനില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ 583 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു.
വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ മാത്രമായുള്ള ദൗത്യമായിരുന്നു ഐഎസ്ആര്‍ഒ ഇന്ന് നടത്തിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നും യുകെയിലെ സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ (എസ്എസ്ടിഎല്‍) നോവ എസ്എആര്‍, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
889 കിലോയാണ് ഇരു ഉപഗ്രഹങ്ങളുടെയും ആകെ ഭാരം. വനഭൂപട നിര്‍മാണം, സര്‍വേ, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുടെ വിശകലനത്തിന് വേണ്ടിയുള്ള ഉപഗ്രഹങ്ങളാണ് ഇവ.