ശ്രീനഗര്‍ : ഇന്ത്യയില്‍ ‘വിലയാ ഒഫ് ഹിന്ദ്’ എന്ന പേരില്‍ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി ആഗോള ഭീകര സംഘടനയായ ഐസിസ്. ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐസിസ് ആദ്യമായാണ് അവകാശപ്പെടുന്നത്. ഐസിസ് വാര്‍ത്താ ഏജന്‍സിയായ ‘അമാഖ്’ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
വിലയാ ഒഫ് ഹിന്ദ് എന്നാല്‍ ഹിന്ദ് പ്രവിശ്യ എന്നാണ് അര്‍ത്ഥം. കാശ്മീരില്‍ ആണ് ഈ പ്രവിശ്യയെന്നാണ് സൂചന.
ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ അംശിപോറയില്‍ വെള്ളിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഐസിസ് ബന്ധമുള്ള ഒരു ഭീകരനെ സുരക്ഷാസേന വധിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ ഇഷ്ഫാഖ് അഹമ്മദ് സോഫി എന്ന ഭീകരനെ വധിച്ചതായി പൊലീസും അറിയിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സേനയ്ക്ക് ഐസിസ് നാശമുണ്ടാക്കിയെന്നും അമാഖിന്റെ പ്രസ്താവനയില്‍ പറയുന്നു.
പത്ത് വര്‍ഷത്തിലേറെയായി കാശ്മീരിലെ വിവിധ ഭീകര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സോഫി പിന്നീട് ഐസിസിലേക്ക് മാറുകയായിരുന്നു. ശ്രീനഗറിലെ ഐസിസ് അനുഭാവമുള്ള ഒരു മാഗസിന് സോഫി നല്‍കിയ ഇന്റര്‍വ്യൂവിലും ഇയാളുടെ ഐസിസ് ബന്ധം വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ നടന്ന നിരവധി ഗ്രനേഡ് ആക്രമണങ്ങളില്‍ ഇയാള്‍ പങ്കാളിയായിരുന്നു. കാശ്മീരില്‍ അവശേഷിച്ച ഏക ഐസിസ് ഭീകരനായിരിക്കാം സോഫി എന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.